ദി കാശ്മീര്‍ ഫയല്‍സ് പോലുള്ള ബ്ലോക്ക്ബസ്റ്റര്‍ നല്‍കിയതിന് ശേഷം, ചലച്ചിത്ര നിര്‍മ്മാതാവ് വിവേക് അഗ്‌നിഹോത്രിയുടെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഉയര്‍ന്നതായിരുന്നു. ഇന്ത്യയുടെ കോവിഡ് പോരാട്ടത്തെ ആസ്പദമാക്കി ബോളിവുഡ് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി ഒരുക്കിയ ‘ദി വാക്സിന്‍ വാര്‍’ വലിയ കളക്ഷന്‍ നേടിയില്ല. സെപ്തംബര്‍ 28-ന് റിലീസ് ചെയ്ത ചിത്രം ഇതുവരെ മൂന്നുകോടിയോളം രൂപ മാത്രമാണ് നേടിയത്. കോവിഡ് പോരാട്ടത്തില്‍ ഇന്ത്യ നടത്തിയ ചെറുത്തുനില്‍പ്പിനെക്കുറിച്ച് അറിഞ്ഞിട്ടില്ലാത്ത അവിശ്വസനീയമായ കഥയെന്ന വിശേഷണവുമായാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. പങ്കജ് ത്രിപാഠിയുടെ ഫുക്രെ 3, രാഘവ ലോറന്‍സിന്റെ ചന്ദ്രമുഖി 2 എന്നീ രണ്ട് റിലീസുകളുമായാണ് ചിത്രം ബോക്സ് ഓഫീസില്‍ ഏറ്റുമുട്ടുന്നത്.
ആദ്യ ദിനത്തില്‍ 85 ലക്ഷം രൂപ ചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാം ദിനങ്ങള്‍ 90 ലക്ഷവും മൂന്നാം ദിനം 1.50 കോടിയും ചിത്രം നേടിയെന്നാണ് വിവരങ്ങള്‍. ഫുക്രി 3 ബോക്സോഫീസില്‍ രണ്ട് ദിവസം കൊണ്ട് 16 കോടിയിലധികം നേടിയിടത്താണ് വാക്‌സിന്‍ വാര്‍ മൂന്ന് ദിനങ്ങള്‍ കൊണ്ട് അഞ്ചുകോടി പോലും നേടാനാകാത്ത അവസ്ഥയില്‍ നില്‍ക്കുന്നത്. പല്ലവി ജോഷി, അനുപം ഖേര്‍, നാനാ പടേകര്‍, റെയ്മ സെന്‍, ഗിരിജ, നിവേദിത ഭട്ടാചാര്യ, സപ്തമി ഗൗഡ, മോഹന്‍ കൗപുര്‍ എന്നിവര്‍ ചിത്രത്തിലുണ്ട്. ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, പഞ്ചാബി, ഭോജ്പുരി, ബംഗാളി, മറാഠി, തെലുഗു, തമിഴ്, കന്നഡ, ഉറുദു എന്നീ 11 ഭാഷകളില്‍ ചിത്രം പുറത്തിറങ്ങി. ഭാര്യ പല്ലവി ജോഷിയുടെ ഐ ആം ബുദ്ധ പ്രൊഡക്ഷന്‍സും അഭിഷേക് അഗര്‍വാളും ചേര്‍ന്ന് അഗര്‍വാള്‍ ആര്‍ട്ടിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.