മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. പോസ്റ്ററിനെ വളരെയധികം ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ബോളിവുഡ് താരം വിവേക് ഒബ്റോയ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ് എന്നിവരും അണിനിരക്കുന്നുണ്ട്.
ആന്റണി പെരുമ്പാവൂരാണ് ലൂസിഫറില്‍ വിവേക് ഒബ്റോയിയും അഭിനയിക്കുമെന്ന് അറിയിച്ചത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹക്കുന്നത് മുരളി ഗോപിയാണ്. സുജിത് വാസുദേവാണ് ഛായാഗ്രഹണം.
16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാലും വിവേക് ഒബ്റോയിയും ഒന്നിക്കുന്നത്. 2002ല്‍ പുറത്തിറങ്ങിയ കമ്പനി എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. ബോളിവുഡിലെ വിവേകിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ഇത്.
മുമ്പ് വിവേക് ഒബ്റോയി ചിത്രത്തില്‍ വില്ലനായി എത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴാണ് വാര്‍ത്ത ഔദ്യോദികമായി സ്ഥിരീകരിച്ചത്. ആന്റണി പെരുമ്പാവൂര്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് വാര്‍ത്ത പുറത്തുവിട്ടത്.