Vivek statement

സിനിമയുടെ പ്രമോഷനുകളില്‍ നിന്നുള്ള നായികമാരുടെ പിന്‍മാറ്റത്തെ കുറിച്ച് നടത്തിയ പരാമര്‍ശം നയന്‍താരയെ ഉദ്ദേശിച്ചല്ലെന്ന് തമിഴ് നടന്‍ വിവേക്.

പ്രമോഷനുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന നായികമാര്‍ പ്രതിഫലത്തില്‍ കുറവു വരുത്തുമോ എന്നാണ് വിവേക് ഉന്നയിച്ച ചോദ്യം.

കാര്‍ത്തി നായകനായ കാശ്‌മോരയുടെ പ്രചരണ വേളയിലായിരുന്നു വിവേകിന്റെ പരാമര്‍ശം. കാശ്‌മോരയുടെ പ്രമോഷന് നയന്‍താര പങ്കെടുക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് പ്രചരണചടങ്ങുകളില്‍ നിന്ന് വിട്ടുനില്‍ക്കാറുള്ള നായികമാര്‍ക്കെതിരെ വിവേക് തുറന്നടിക്കുകയായിരുന്നു.

തങ്ങളുടെ സാന്നിധ്യം സിനിമയെ മോശമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നായികമാര്‍ സിനിമകളുടെ പ്രമോഷനുകളില്‍ നിന്ന് പിന്‍മാറുന്നത്.

ഈ ഉദാരത നിര്‍മ്മാതാവിനോട് പ്രതിഫലത്തിന്റെ കാര്യത്തില്‍ കാണിക്കുമോ എന്നായിരുന്നു വിവേകിന്റെ ചോദ്യം. തമിഴകത്ത് പ്രചരണചടങ്ങുകളിലും ചാനല്‍ പ്രമോഷനുകളിലും പങ്കെടുക്കാത്ത ഏക അഭിനേത്രി നയന്‍താരയാണ്.

വിവേകിന്റെ വിമര്‍ശനം ഉന്നമിട്ടത് നയന്‍താരയെ ആണെന്ന് വ്യക്തമായതോടെ ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്ന്‌ വിവാദമായതിന് പിന്നാലെയാണ് ട്വിറ്റില്‍ തിരുത്തുമായി താരം എത്തിയത്.

നയന്‍താരയുടെ വലിയ ആരാധകനാണ് ഞാന്‍, പ്രമോഷനില്‍ പങ്കെടുക്കാത്ത നായികമാരെ പരാമര്‍ശിച്ചത് നയന്‍താരയെ ഉദ്ദേശിച്ചല്ലെന്ന് വിവേക് ട്വീറ്റ് ചെയ്തു.

നയന്‍സിനെക്കുറിച്ചുള്ള തന്റെ മുന്‍ട്വീറ്റുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകുമെന്നും വിവേക്.

ബിഗ് ബജറ്റ് സിനിമകളുടെ പ്രമോഷനില്‍ പങ്കെടുക്കേണ്ടത് താരങ്ങളുടെ കടമയാണെന്നും വിവേക് പറഞ്ഞിരുന്നു.

Top