വിവിപാറ്റ് യന്ത്രങ്ങളുടെ തകരാറുകള്‍ ഉടന്‍ പരിഹരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: വിവിപാറ്റ് യന്ത്രങ്ങളുടെ തകരാര്‍ പരിഹരിക്കാനൊരുങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.
യന്ത്രങ്ങളിലെ സെന്‍സറുകളുടെ മുകളില്‍ ചെറിയ മറ, ഈര്‍പ്പം തട്ടാത്ത രീതിയിലുള്ള പേപ്പര്‍ റോള്‍ എന്നീ മാറ്റങ്ങളായിരിക്കും കൊണ്ടുവരികയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി. റാവത്ത് പറഞ്ഞു.

സെന്‍സറുകളില്‍ നേരിട്ടു പ്രകാശം പതിക്കുന്നതാണ് യന്ത്രം പെട്ടെന്നു തകരാറിലാകാന്‍ കാരണമെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി. പേപ്പര്‍ റോളില്‍ ഈര്‍പ്പമെത്തുന്നതു മൂലവും തകരാര്‍ സംഭവിക്കുന്നുണ്ട്. പുതിയ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടെ ഈ രണ്ടു പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ചൂടോ ഈര്‍പ്പമോ തട്ടിയാലും വോട്ടിങ് യന്ത്രങ്ങള്‍ക്കു തകരാര്‍ ഉണ്ടാകില്ല. എന്നാല്‍ വിവിപാറ്റ് യന്ത്രങ്ങളിലെ ഇലക്ട്രോ- മെക്കാനിക്കല്‍ ഭാഗങ്ങളെ ഇതു ബാധിക്കാന്‍ സാധ്യതയുണ്ടെന്നും ഒ.പി റാവത്ത് വ്യക്തമാക്കി.

മെയ് 28ന് കൈരാന, ബണ്ഡാര-ഗോണ്ഡിയ ഉപ തിരഞ്ഞെടുപ്പുകളില്‍ നിരവധിയിടങ്ങളില്‍ വിവി പാറ്റ് തകരാറുകള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. വിവിപാറ്റ് യന്ത്രങ്ങളുടെ തകരാറുമൂലം മഹാരാഷ്ട്രയിലെ ബന്ധാര-ഗോണ്ഡിയയില്‍ 35 ബൂത്തുകളിലെ പോളിങ് നിര്‍ത്തിവയ്ക്കേണ്ടി വന്നു. കൈരാനയിലെ 79 ബൂത്തുകളിലും ബണ്ഡാര-ഗോണ്ഡിയയില്‍ 49 ബൂത്തുകളിലും വിവിപാറ്റ് തകരാറുമൂലം റീപോളിങ് നടത്തിയിരുന്നു.

കഴിഞ്ഞവര്‍ഷം അസംബ്ലി തെരഞ്ഞെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലും ശരാശരി 11 ശതമാനത്തിന് മുകളില്‍ വിവിപാറ്റുകളും തകരാറിലായിരുന്നുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പെര്‍ഫോമന്‍സ് റിവ്യൂവില്‍ വ്യക്തമാക്കുന്നത്.

Top