ന്യൂഡൽഹി: ചൈനീസ് സ്മാർട്ട് ഫോൺ കമ്പനിയായ വിവോയുടെ 465 കോടി രൂപ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. വിവോയ്ക്കും അനുബന്ധ കമ്പികൾക്കുമെതിരെയാണ് ഇഡി നടപടി. വിവോയുടെ 100ലധികം അക്കൗണ്ടുകളിൽ നിന്നാണ് തുക കണ്ടുകെട്ടിയത്.
ഇതോടൊപ്പം വിവിധ റെയ്ഡുകളിൽ നിന്നായി പിടിച്ചെടുത്ത 73 ലക്ഷം രൂപയും രണ്ട് കിലോ സ്വർണവും ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. നികുതി വെട്ടിക്കാൻ 62,476 കോടി രൂപ കമ്പനി ചൈനയിലേക്ക് മാറ്റിയെന്നും ഇഡി കണ്ടെത്തി. കമ്പനി വരുമാനത്തിന്റെ 50 ശതമാനം വിറ്റുവരവാണ് ചൈനയിലേക്ക് കടത്തിയത്.
കഴിഞ്ഞ ദിവസം പണം തട്ടിപ്പു കേസിൽ വിവോയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. 44 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയതെന്ന് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു.
ഡൽഹി, ഉത്തർപ്രദേശ്, മേഘാലയ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് റെയ്ഡ്. വിവോയുമായും അനുബന്ധ കമ്പനികളുമായും ബന്ധപ്പെട്ട ഇടങ്ങളിലായിരുന്നു പരിശോധന.
ജമ്മു കശ്മീരിലെ ഒരു ഡിസ്ട്രിബ്യൂട്ടിങ് ഏജൻസിയുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗം രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ എഫ്ഐആർ. ഇതിന് പിന്നാലെയാണ് പണം കണ്ടുകെട്ടിയത്.