ജനപ്രിയ സ്മാർട് ഫോൺ ബ്രാൻഡ് വിവോയുടെ പുതിയ വൈ-സീരീസ് ഹാൻഡ്സെറ്റ് വിവോ വൈ32 പുറത്തിറക്കി. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 680 പ്രോസസർ നൽകുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട് ഫോണാണ് വിവോ വൈ32. ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് പ്രധാന ഫീച്ചറുകളിലൊന്ന്.
ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള കമ്പനിയുടെ തന്നെ ഒറിജിൻഒഎസ് 1.0- ഒഎസിലാണ് വൈ32 പ്രവർത്തിക്കുന്നത്. ഡ്യുവൽ സിം ഉപയോഗിക്കാം. 720 x 1,600 പിക്സൽ റെസലൂഷനും 20:9 വീക്ഷണാനുപാതവുമുള്ള 6.51 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേയിലാണ് വിവോ വൈ32 ൽ ഉള്ളത്. ഡിസ്‌പ്ലേയ്ക്ക് 1500:1 കോൺട്രാസ്റ്റ് റേഷ്യോ, 89 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതം, 60 ഹെർട്‌സിന്റെ റിഫ്രഷ് റേറ്റ് എന്നീ ഫീച്ചറുകളുമുണ്ട്.
ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 ചിപ്‌സെറ്റും 8 ജിബിയുടെ LPDDR4x റാമും ഉണ്ട്. റാം 12 ജിബി വരെ വിപുലീകരിക്കാൻ കഴിയും. കൂടാതെ സ്റ്റോറേജ് 128 ജിബി വരെയും വർധിപ്പിക്കാം. ഹാൻഡ്സെറ്റിന്റെ ചൈനയിലെ വില 1,399 യുവാനാണ് (ഏകദേശം 16,700 രൂപ). ഫോഗി നൈറ്റ്, ഹറുമി ബ്ലൂ എന്നിവയുൾപ്പെടെ വിവിധ നിറങ്ങളിൽ വിവോ വൈ32 ലഭ്യമാണ്.
വിവോ വൈ32 ൽ 13 മെഗാപിക്‌സൽ പ്രൈമറി സെൻസറും 2 മെഗാപിക്‌സൽ സെക്കൻഡറി സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമുണ്ട്. എട്ട് മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. 4ജി, ഡ്യുവൽ-ബാൻഡ് വൈഫൈ, ബ്ലൂടൂത്ത് 5.0, ജിഎൻഎസ്എസ് (ജിപിഎസ്, ബെയ്ദു, ഗ്ലോനാസ്, ഗലീലിയോ, ക്യുഇസഡ്എസ്എസ്), യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയുമായാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ.
ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, കോമ്പസ്, പ്രോക്‌സിമിറ്റി സെൻസർ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ എന്നിവയാണ് പ്രധാന സെൻസറുകൾ. 18W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5000 എംഎഎച്ച് ബാറ്ററിയുണ്ട്. ഒറ്റ ചാർജിൽ 27 ദിവസം വരെ സ്റ്റാൻഡ്‌ബൈ സമയമോ 18 മണിക്കൂറിലധികം സംസാര സമയമോ നൽകുന്നതാണ് ഫോൺ.