വിയ്യുര്‍ ജയിലില്‍ മൊബൈല്‍ ഫോണുമായി വീണ്ടും ടിപി കേസ് പ്രതി ഷാഫി

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രെല്‍ ജയിലില്‍ ഇന്ന് പുലര്‍ച്ചെ നടന്ന റെയ്ഡില്‍ ടി.പി വധക്കേസ് പ്രതി ഷാഫിയില്‍ നിന്ന് ഉള്‍പ്പെടെ നാല് സ്മാര്‍ട്ട് ഫോണുകള്‍ പിടിച്ചെടുത്തു. ഇതില്‍ രണ്ട് ഫോണുകളാണ് ഷാഫിയുടെ കൈവശം ഉണ്ടായിരുന്നത്. ഫോണുകള്‍ കൂടാതെ കഞ്ചാവും മദ്യവും ഇവിടെ നിന്നും കണ്ടെടുത്തു.

തൃശ്ശൂര്‍ പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയാണ് ഷാഫിയില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. ഇതിന് മുമ്പ് രണ്ട് തവണ ജയിലില്‍ ഫോണുപയോഗിച്ചതിന് ഷാഫിയെ പിടികൂടിയിട്ടുണ്ട്.

വിയ്യൂര്‍ ജയിലില്‍ ഫോണുപയോഗിക്കുന്നതായി വിവരം കിട്ടിയതിനെത്തുടര്‍ന്ന് പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര അതി നാടകീയമായി പുലര്‍ച്ചെ ജയിലിലെത്തി റെയ്ഡ് നടത്തുകയായിരുന്നു.

അതേസമയം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഡിജിപി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ മൊബൈല്‍ ഫോണുകളും കഞ്ചാവും മദ്യകുപ്പികളും പിടിച്ചെടുത്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സിപിഎമ്മിന്റെ നിയന്ത്രണത്തിന്‍ കീഴിലാണ് എന്ന ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് റെയ്ഡ് നടത്തിയത്.

പുലര്‍ച്ചെ നാലുമുതലാണ് റെയ്ഡ് തുടങ്ങിയത്. മൂന്ന് കത്തി, മൂന്ന് മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡ് എന്നിവയാണ് പിടിച്ചെടുത്തത്. റെയ്ഡില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുകളും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം. റെയ്ഡില്‍ ആയുധങ്ങള്‍ ഉള്‍പ്പെടെ കണ്ടെടുത്തിനാല്‍ ജയില്‍ സൂപ്രണ്ടിനെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

റെയ്ഡില്‍ പിടിച്ചെടുത്ത സാധനങ്ങളുടെ എണ്ണവും മറ്റും ചിട്ടപ്പെടുത്തിയ ശേഷം ഇതിന്റെ കണക്കുകള്‍ ഡി.ജി.പി പുറത്ത് വിടും. റെയ്ഡിനിടെ കണ്ടെടുത്ത സിംകാര്‍ഡ് ഉപയോഗിച്ച് തടവുകാര്‍ ആരെയൊക്കെ വിളിച്ചുവെന്ന് കണ്ടെത്താന്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.

Top