Vizhinjam: Adani to meet Kodiyeri

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടനചടങ്ങില്‍ എല്‍ഡിഎഫ് നേതാക്കള്‍ പങ്കെടുക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. വിഴിഞ്ഞം പദ്ധതിയുടെ നടത്തിപ്പ് വ്യവസ്ഥകളില്‍ എതിര്‍പ്പുണ്ടെങ്കിലും പദ്ധതിയെ സ്വാഗതം ചെയ്യുന്നതായും അദാനി പോര്‍ട്‌സ് മേധാവി ഗൗതം അദാനിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം കൊടിയേരി പറഞ്ഞു.

ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് എല്‍ഡിഎഫ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അനുനയ ശ്രമത്തിനായാണ് ഗൗതം അദാനി എകെജി സെന്റെറില്‍ നേരിട്ടെത്തി കൊടിയേരിയുമായി ചര്‍ച്ച നടത്തിയത്. വിഴിഞ്ഞം പദ്ധതിയിലെ വ്യവസ്ഥകളോടുള്ള എതിര്‍പ്പ് തുടരുമെന്നും അഴിമതി ആരോപണ വിധേയനായ മന്ത്രി കെ.ബാബുവിനൊപ്പം ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അദാനിയെ അറിയിച്ചിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി. കാര്യങ്ങല്‍ പരസ്പരം മനസ്സിലാക്കാനുള്ള ഒരു കൂടിക്കാഴ്ച മാത്രമാണ് അദാനിയുമായി നടത്തിയതെന്നും കോടിയേരി പറഞ്ഞു.

വിഴിഞ്ഞം തുറമുഖം പൂര്‍ണമായും ഒരു പിപിപി പദ്ധതിയാക്കി മാറ്റുകയാണ് യുഡിഎഫ് ചെയതത്. പബ്ലിക് പ്രൈവറ്റ് സെക്ടറില്‍ പദ്ധതി നടപ്പാക്കണമെന്നായിരുന്നു എല്‍.ഡി.എഫിന്റെ തീരുമാനം. എങ്കിലും എതിര്‍പ്പുകള്‍ നിലനിര്‍ത്തി കൊണ്ട് തന്നെ വിഴിഞ്ഞം പദ്ധതി യഥാര്‍ത്ഥ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ ഞങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്.

വിഴിഞ്ഞം ഹാര്‍ബര്‍ കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ.് അത് യഥാര്‍ത്ഥ്യമാവണമെന്നാണ് എല്‍.ഡി.എഫ് ആഗ്രഹിക്കുന്നത്. തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരി വ്യക്തമാക്കി.

Top