വിഴിഞ്ഞം തുറമുഖ നിർമ്മാണം; അദാനി ഗ്രൂപ്പും കരാർ കമ്പനിയും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സമരക്കാർ നിർമ്മാണം തടസപ്പെടുത്തുന്നതിരായ ഹർജിയും പോലീസ് സംരക്ഷണ ഉത്തരവ് നടപ്പാക്കിയില്ലെന്നാരോപിച്ചുള്ള പൊതുതാത്പര്യ ഹർജിയുമാണ് പരിഗണിക്കുന്നത്.

ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുക. പൊലീസ് സംരക്ഷണം ഉറപ്പുവരുത്തണമെന്നുമുളള മുൻ ഉത്തരവ് നടപ്പാക്കിയേ പറ്റൂ എന്ന് സംസ്ഥാന സർക്കാരിനോട് കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഉത്തരവ് നടപ്പായില്ലെന്ന് ഹർജിക്കാരായ അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു. സമരപ്പന്തൽ നീക്കം ചെയ്യാൻ പോലും സർക്കാർ തയാറായിട്ടില്ലന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു.

അതേസമയം, വിഴിഞ്ഞത്ത് ഇന്ന് സമാധാന ചർച്ച നടത്തും. രാവിലെ സർവകക്ഷി യോഗം ചേരും. യോഗത്തിൽ മന്ത്രിമാർ പങ്കെടുത്തേക്കും. വിഴിഞ്ഞത് രാവിലെ 8.30ന് തീരവാസികളുമായു 10.30ന് അതിരൂപത പ്രതിനിധികളുമായും തുടർന്ന് കളക്ടറുമായും ചർച്ച നടത്തും.

Top