വിഴിഞ്ഞം തുറമുഖം: സമരസമിതിയുമായി ചർച്ച നടത്തി എം വി ഗോവിന്ദൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിഷയത്തിൽ സമരസമിതിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ചർച്ച നടത്തി. മന്ത്രിസഭാ ഉപസമിതിയുടെ ചർച്ചകൾ പരാജയപ്പെടുകയും വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടപെടുകയും ചെയ്തതോടെയാണ് സിപിഎം നേരിട്ടിറങ്ങിയത്.

പ്രശ്‌നങ്ങൾ മനസ്സിലാക്കുന്ന രീതിയിൽ പാർട്ടി നേതൃത്വം പ്രതികരിച്ചതായി വികാരി ജനറൽ ഫാ.യൂജിൻ പെരേര പറഞ്ഞു. പ്രശ്‌നം പരിഹരിക്കാൻ ഇടപെടാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സമ്മതിച്ചു. മന്ത്രിസഭാ ഉപസമിതിയോട് കൃത്യമായ നിലപാടുകളിലേക്ക് എത്തിച്ചേരണമെന്ന് നിർദേശിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. കൃത്യമായ നിലപാടുകളിലേക്ക് സർക്കാർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ജീവന്മരണ പോരാട്ടമാണ് വിഴിഞ്ഞത്ത് ജനം നടത്തുന്നത്. ജനങ്ങളുടെ ആശങ്ക പരിഹരിക്കപ്പെട്ടാൽ സമവായത്തിലേക്കെത്തുമെന്നും ഫാ.യൂജിൻ പെരേര പറഞ്ഞു.

തുറമുഖ വിഷയത്തിൽ മന്ത്രിസഭാ ഉപസമിതി നടത്തിയ നാലാം വട്ട ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പാർട്ടി നേതൃത്വം സമരസമിതി നേതാക്കളെ ചർച്ചയ്ക്കു വിളിച്ചത്. സമരസമിതി മുന്നോട്ടുവച്ച ഏഴ് ആവശ്യങ്ങളിൽ വ്യക്തമായ ഉറപ്പു ലഭിക്കാത്തതിനെ തുടർന്നാണ് മന്ത്രിസഭാ ഉപസമിതിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടത്. തുറമുഖ നിർമാണം നിർത്തിവയ്ക്കുന്നത് ഒഴികെ മറ്റ് ആവശ്യങ്ങളിൽ അനുകൂല നിലപാടാണെന്ന് സർക്കാർ അറിയിച്ചിരുന്നു.

Top