Vizhinjam port case in court

ന്യൂഡല്‍ഹി: വിഴിഞ്ഞം കണ്ടെയ്‌നര്‍ തുറമുഖ പദ്ധതി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചു. പദ്ധതി നിറുത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം വലിയതുറ സ്വദേശിയും സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ നേതാവുമായ ആന്റോ ഏലിയാസാണ് ഹര്‍ജി സമര്‍പ്പിച്ചത്.

പദ്ധതി പരിസ്ഥിതി അനുമതി നല്‍കിയത്ത ശരിയോ തെറ്റോ എന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് ജസ്റ്റിസുമാരായ ജെ.എസ്.കേഹര്‍, നരിമാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഇനിയും വിലയിരുത്തലുകള്‍ ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, പദ്ധതിക്ക് അനുമതി നല്‍കിയത് തെറ്റാണെന്ന് തെളിഞ്ഞാല്‍ എന്ത് പരിഹാര മാര്‍ഗമാണുള്ളതെന്ന് കോടതി ചോദിച്ചു. വികസന പദ്ധതികള്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പരിസ്ഥിതി സംരക്ഷണം വേണ്ടെന്ന് വയ്ക്കാനാവില്ലെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

എന്നാല്‍, പദ്ധതിക്ക് അനുമതി ലഭിച്ചതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഉപകരാറുകള്‍ നല്‍കിയിട്ടുണ്ടെന്ന് തുറമുഖ കമ്പനി കോടതിയെ അറിയിച്ചു. പദ്ധതി നിറുത്തി വയ്ക്കുകയാണെങ്കില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാവുമെന്നും കമ്പനി വാദിച്ചു.

കേസില്‍ അടുത്ത മാസം ആറിന് വീണ്ടും വാദം കേള്‍ക്കും.

Top