വിഴിഞ്ഞം തുറമുഖം: സർക്കാർ 100 കോടി വായ്പയെടുത്ത് അദാനി ഗ്രൂപ്പിന് കൈമാറി

vizhinjam

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനായി അദാനി ഗ്രൂപ്പിന് സംസ്ഥാന സർക്കാർ 100 കോടി കൈമാറി. പുലിമുട്ട് നിർമാണ ചെലവിന്റെ ആദ്യ ഗഡുവാണ് കൈമാറിയത്. മാർച്ച് 31ന് ഉള്ളിൽ 347 കോടി രൂപ സർക്കാർ നൽകേണ്ടിയിരുന്നു. കെഎഫ്‌സിയിൽ നിന്ന് വായ്പയെടുത്താണ് 100 കോടി രൂപ നൽകിയത്. ഹഡ്കോ വായ്പ വൈകുന്ന സാഹചര്യത്തിലാണ് കെഎഫ്സിയിൽ നിന്ന് പണം വായ്പയെടുത്ത് നൽകിയത്. നേരത്തെ സഹകരണ കൺസോഷ്യത്തിൽ നിന്ന് വാ‌യ്‌പയെടുക്കാൻ സർക്കാർ ശ്രമിച്ചിരുന്നു.

തുകയ്ക്കായി അദാനി ഗ്രൂപ്പിൽ നിന്ന് സംസ്ഥാന സർക്കാരിന് മേൽ സമ്മർദ്ദം ഉണ്ടായിരുന്നു. പുലിമുട്ട് നിർമാണ ചെലവിന്റെ 25 ശതമാനമാണ് സംസ്ഥാനം നൽകേണ്ടത്. 347 കോടി രൂപയാണ് ഈ 25 ശതമാനം. റെയിൽവേ പദ്ധതിക്കായി സംസ്ഥാനം 100 കോടിയും സ്ഥലമേറ്റെടുപ്പിന് 100 കോടിയും നൽകാനുണ്ട്. ആകെ 550 കോടി സഹകരണ കൺസോഷ്യത്തിൽ നിന്ന് വായ്പയെടുക്കാനാണ് ശ്രമിച്ചിരുന്നത്.

ആകെ 3400 കോടിയാണ് ഹഡ്കോയിൽ നിന്ന് വിഴിഞ്ഞം തുറമുഖത്തിനായി സർക്കാർ വായ്പയെടുക്കാൻ ഉദ്ദേശിക്കുന്നത്. ഇതിൽ 1170 കോടി രൂപയും തുറമുഖത്തോട് അനുബന്ധിച്ച റെയിൽവേ പദ്ധതിക്കായാണ് ചെലവഴിക്കേണ്ടത്. വയബിളിറ്റി ഗ്യപ് ഫണ്ടിനത്തിൽ കേന്ദ്രം അദാനി ഗ്രൂപ്പിന് നൽകേണ്ടത് 818 കോടിയാണ്. വയബിളിറ്റി ഗ്യാപ് ഫണ്ടായി കേരളം നൽകേണ്ടത് 400 കോടി രൂപയാണ്. വയബിളിറ്റി ഗ്യാപ് ഫണ്ട് കൈമാറ്റത്തിനായുള്ള ത്രികക്ഷി കരാർ അടക്കം വേഗത്തിലാക്കാനാണ് സർക്കാർ നീക്കം.

Top