Vizhinjam port-national green tribunal agreed

vizhinjam

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അനുമതി. ഉപാധികളോടെയാണ് അനുമതി നല്‍കിയത്. പദ്ധതിക്ക് മേല്‍നോട്ടം വഹിക്കാന്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കും. ആറ് മാസം കൂടുമ്പോള്‍ സമിതി ട്രൈബ്യൂണലിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

പദ്ധതിക്ക് അനുവദിച്ച പരിസ്ഥിതി തീരദേശ അനുമതികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഉപാധികളോടെ ദേശീയ ഹരിത ട്രൈബ്യൂണല്‍ പദ്ധതിക്ക് പച്ചക്കൊടി കാട്ടിയത്.

ഏഴംഗ വിദഗ്ധ സമിതിയില്‍ പരിസ്ഥിതി ശാസ്ത്രജ്ഞന്‍, സമുദ്രഗവേഷണ വിദഗ്ധന്‍, സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി എന്നിവര്‍ അംഗങ്ങളായിരിക്കണം. ആറ് മാസത്തിലൊരിക്കല്‍ നിര്‍മ്മാണ പുരോഗതി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണം. നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരുന്ന മാലിന്യങ്ങള്‍ ഒരു കാരണവശാലും കടലില്‍ ഒഴുക്കാന്‍ പാടില്ല. പദ്ധതി പ്രദേശത്ത് പരിസ്ഥിതി സംരക്ഷണം ഉറപ്പ് വരുത്തണം. നിര്‍ദേശം ലംഘിച്ചാല്‍ തുറമുഖ നിര്‍മ്മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന വ്യവസ്ഥയുണ്ട്.

പദ്ധതി പ്രദേശത്തെ പവിഴപ്പുറ്റുകള്‍ ഉള്‍പ്പടെയുള്ളവ സംരക്ഷിക്കണം. ഹരിത ട്രൈബ്യൂണലിന്റെ വിധികൂടി അനുകൂലമായതോടെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനുള്ള എല്ലാ തടസങ്ങളും നീങ്ങിയിരിക്കുകയാണ്. പരിസ്ഥിതി ലോലപ്രദേശത്താണ് പദ്ധതി സ്ഥിതിചെയ്യുന്നത് എന്നതിനാല്‍ അനുമതി നല്‍കരുതെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.

Top