തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് .
ഹൈക്കോടതി ജഡ്ജിയെ കൊണ്ട് അന്വേഷണം നടത്തിക്കാനാണ് ആലോചനയെന്നും സിഎന്‍ജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഗൗരവകരമായി കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
റിപ്പോർട്ടിലെ പരിഗണനകൾ പരിശോധനയ്ക്കു വിയേമാക്കുമെന്നും ഇതിനുശേഷം തുടർനടപടികളിലേക്കു കടക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖ പദ്ധതി യുഡിഎഫ് സർക്കാർ എൽഡിഎഫ് സർക്കാരിനുമേൽ അടിച്ചേൽപ്പിച്ച ഒരു ബാധ്യതയാണ്. അഭിപ്രായ വ്യത്യാസം ഏറെയുണ്ടെങ്കിലും ഈ പദ്ധതി നടപ്പാക്കാതിരിക്കാൻ കഴിയില്ലാത്ത അവസ്ഥയാണ് സർക്കാരിനു മുന്നിലുണ്ടായിരുന്നത്. ഈ പശ്ചാത്തലത്തിലാണ് സിഎജി റിപ്പോർട്ട് പുറത്തുവരുന്നത്. റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഗുരുതരവും പരിശോധിക്കപ്പെടേണ്ടതുമാണ്. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ജുഡീഷൽ അന്വേഷണത്തിനാണ് സർക്കാർ പദ്ധതിയിടുന്നത്. പരിശോധനയുടെ അടിസ്ഥാനത്തിൽ സർക്കാർ തുടർനടപടി സ്വീകരിക്കും- മുഖ്യമന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞം പദ്ധതിയുടെ നിർമാണച്ചെലവു കണക്കാക്കിയതിൽ പാളിച്ച വന്നതായുള്ള സിഎജി റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തമിഴ്നാട്ടിലെ കുളച്ചലിൽ വികസിപ്പിക്കാൻ ഉദേശിച്ചിട്ടുള്ള 16 ലക്ഷം ടിഇയു ശേഷിയുള്ള തുറമുഖത്തിന്റെ കണക്കാക്കപ്പെട്ട മൊത്തം പദ്ധതിച്ചെലവ് 3693.48 കോടിയായിരുന്നു. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ വിഴിഞ്ഞം തുറമുഖത്തിനു നിർമാണച്ചെലവു കൂടുതലാണെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. പദ്ധതിയിൽനിന്നു സംസ്ഥാനത്തിനു ലഭിക്കുന്ന നേട്ടം ആനുപാതികമല്ലെന്നും അദാനിക്കു ലാഭമുണ്ടാക്കുന്ന രീതിയിലാണ് കരാറിന്റെ നിർമാണമെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.