Vizhinjam Project; Adani meets Pinarayi

Vizhinjam

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ ആശങ്ക വേണ്ടെന്ന് അദാനി ഗ്രൂപ്പ്. നിശ്ചയിച്ച പ്രകാരം പദ്ധതി നടപ്പാക്കുമെന്ന് അദാനി ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കരണ്‍ അദാനി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച പത്തുമിനിറ്റോളം നീണ്ടു. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. തുറമുഖവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമായും കരണ്‍ അദാനി കൂടിക്കാഴ്ച നടത്തി.

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തില്‍നിന്ന് അദാനി ഗ്രൂപ്പ് പിന്‍വാങ്ങുകയാണെന്നത് വ്യാജവാര്‍ത്ത മാത്രമാണെന്ന് കരണ്‍ അദാനി മാധ്യമങ്ങളോടു പറഞ്ഞു. അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനിയുടെ മകനായ കരണ്‍ അദാനിക്കാണ് വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ പൂര്‍ണ ചുമതല.

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ കരാര്‍ ഒപ്പിടാന്‍ എത്തിയപ്പോള്‍ ഗൗതം അദാനിയും സംഘവും അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെയും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും സന്ദര്‍ശിച്ചിരുന്നെങ്കിലും പിണറായി വിജയനെ കണ്ടിരുന്നില്ല.

Top