ലാവലിനിൽ സിഎജി റിപ്പോർട്ട് ഉപയോഗിച്ച് ആഞ്ഞടിച്ച ഉമ്മൻ ചാണ്ടിക്ക് വൻ തിരിച്ചടി

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി ലാവ് ലിന്‍ കേസില്‍ പിണറായി വിജയനെതിരെ രൂക്ഷമായ ‘ആക്രമണം’ അഴിച്ചുവിട്ട പ്രതിപക്ഷത്തിന് ഓര്‍ക്കാ പുറത്തുള്ള തിരിച്ചടിയായി വിഴിഞ്ഞം കരാറിലെ സി എ ജി റിപ്പോര്‍ട്ട്.

സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ് വിഴിഞ്ഞം കാരാറെന്ന് ചൂണ്ടിക്കാട്ടിയ സി എ ജി റിപ്പോര്‍ട്ടില്‍ ഗുരുതരമായ കണ്ടെത്തലുകളാണ് ഉള്ളത്. ഈ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി ആരെങ്കിലും കോടതിയില്‍ പോയാല്‍ അന്നത്തെ മുഖ്യമന്തി ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ കുരുക്കിലാകും.വിഴിഞ്ഞം കരാറില്‍ നിര്‍മാണ കാലാവധി 10 വര്‍ഷം കൂട്ടിനല്‍കിയത് നിയമവിരുദ്ധമാണെന്നും ഇതിലൂടെ 29,217 കോടി രൂപയുടെ അധികവരുമാനം അദാനിക്ക് കിട്ടുമെന്നും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

നിലവിലെ പൊതുസ്വകാര്യ പങ്കാളിത്ത നിയമപ്രകാരം വലിയ നിര്‍മാണക്കമ്പനിക്ക് 30 വര്‍ഷമാണ് സാധാരണ കാലാവധി അനുവദിക്കുക. അതേസമയം, പത്തുവര്‍ഷത്തെ കാലാവധി നീട്ടിനല്‍കിയതിനു പുറമെ ആവശ്യമെങ്കില്‍ 20 വര്‍ഷം കൂടി കാലാവധി നല്‍കാമെന്നും കരാറില്‍ പറയുന്നു. ഈ വ്യവസ്ഥയും ചട്ടവിരുദ്ധമാണ്. ഇങ്ങനെ ചെയ്താല്‍ 61,095 കോടി രൂപയുടെ അധികവരുമാനം അദാനിക്കു കിട്ടുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്.

കമ്പനികള്‍ക്കുള്ള കാലാവധി 30 വര്‍ഷമായി നിജപ്പെടുത്തണമെന്നാണ് രാജ്യാന്തര ഫെഡറേഷന്റെ നിര്‍ദേശം. ഇതു മറികടക്കുന്നതു തന്നെ തെറ്റാണ്. ഓഹരി ഘടനയിലെ മാറ്റം സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നും സിഎജി കണ്ടെത്തി. അദാനിക്കു നേട്ടമുണ്ടാക്കാന്‍ പറ്റുന്ന തരത്തിലാണു കരാറുണ്ടാക്കിയിരിക്കുന്നതെന്ന വി.എസ്.അച്യുതാനന്ദന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് സിഎജി റിപ്പോര്‍ട്ട്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിന് കരാര്‍ പുനഃപരിശോധിക്കേണ്ടതായും നടപടി സ്വീകരിക്കേണ്ടതായും വരും. സ്വീകരിച്ച നിലപാടു സംബന്ധിച്ച് റിപ്പോര്‍ട്ടും നല്‍കേണ്ടതായി വരും. ഇതോടെ സംസ്ഥാനത്തിന് ഗുണകരമല്ലാത്ത വ്യവസ്ഥകള്‍ മാറ്റി പുതിയ കരാര്‍ കൊണ്ടുവരണം. ഇത്തരത്തിലൊരു സാഹചര്യം വന്നാല്‍ അദാനി ഗ്രൂപ്പ് നിയമനടപടിയിലേക്കും നീങ്ങുന്നതിനുള്ള സാധ്യതയുമുണ്ട്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കി നിര്‍മിക്കുന്ന പദ്ധതിയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. മൊത്തം 7525 കോടിയാണ് ചിലവ്. 2018 സെപ്റ്റംബര്‍ ഒന്നിനു വിഴിഞ്ഞത്ത് ആദ്യത്തെ കപ്പലടുക്കുന്ന വിധത്തിലായിരിക്കും നിര്‍മാണം പൂര്‍ത്തിയാക്കുകയെന്ന് ഗൗതം അദാനി നേരത്തെ വ്യക്തമാക്കിയിരുന്നു. വിദേശ കപ്പലുകള്‍ക്ക് അടുക്കാവുന്ന തരത്തില്‍ കബോട്ടാഷ് നിയമത്തില്‍ ഇളവു നല്‍കുന്നതിനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പന്ത് ഇപ്പോള്‍ ‘പിണറായി സര്‍ക്കാറിന്റെ കോര്‍ട്ടിലാണ്’. ഇടതുമുന്നണിയും ഇടതു സര്‍ക്കാരും സ്വീകരിക്കുന്ന നിലപാടായിരിക്കും മോദിയുടെ അടുത്ത സുഹൃത്തു കൂടിയായ ഗൗതം അദാനി ഏറ്റെടുത്ത പദ്ധതിയുടെ ഭാവി ഇനി നിര്‍ണയിക്കുക.

Top