വിഴിഞ്ഞം സുരക്ഷയ്ക്ക് കേന്ദ്ര സേന: എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തിന്റെ സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് അദാനി പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്, നിര്‍മ്മാണ കരാര്‍ കമ്പനിയായ ഹോവെ എഞ്ചിനീയറിങ്ങ് പ്രോജക്ട്‌സ് എന്നിവ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ജസ്റ്റിസ് അനു ശിവരാമനാണ് ഹര്‍ജി പരിഗണിച്ചത്.

കേന്ദ്രസേന വരണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടേണ്ടതല്ലേയെന്ന് കോടതി ചോദിച്ചു. തുടര്‍ന്ന് തുറമുഖ നിര്‍മ്മാണത്തിന്റെ സുരക്ഷ ഏറ്റെടുക്കുന്നതില്‍ കോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടി. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൂടിയാലോചിച്ചശേഷം ബുധനാഴ്ചയ്ക്കകം തീരുമാനം അറിയിക്കാനും കോടതി നിര്‍ദേശിച്ചു.

തുറമുഖ നിര്‍മ്മാണത്തിനെതിരായ സമരത്തില്‍ പൊലീസ് നടപടി പ്രഹസനമാണെന്ന് അദാനി ഗ്രൂപ്പ് കോടതിയില്‍ പറഞ്ഞു. വൈദികര്‍ അടക്കമുള്ള സമരക്കാര്‍ ഇപ്പോഴും സമരപ്പന്തലില്‍ സമരം നടത്തുന്നുണ്ട്. സംരക്ഷണം നല്‍കുന്നതില്‍ പൊലീസ് പരാജയമാണെന്നും, കേന്ദ്രസേനയെ ഏല്‍പ്പിക്കണമെന്നും അദാനി പോര്‍ട്‌സ് ആവശ്യപ്പെട്ടു.

വിഴിഞ്ഞം സംഘര്‍ഷത്തില്‍ സര്‍ക്കാര്‍ എന്തുചെയ്തുവെന്ന് കോടതി ചോദിച്ചു. പ്രശ്‌നം ഉണ്ടാക്കിയവര്‍ക്കെതിരെ എന്തു നടപടിയാണ് സ്വീകരിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലും പറ്റുന്നില്ലല്ലോ എന്നും കോടതി വിമര്‍ശിച്ചു.  തുറമുഖ പദ്ധതിക്കെതിരായ സമരത്തില്‍ കേസെടുത്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ബിഷപ്പിനെതിരെയും കേസെടുത്തെന്ന് സര്‍ക്കാര്‍ അറിയിച്ചു. വിഴിഞ്ഞത്ത് സംഘര്‍ഷം ഒഴിവാക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിച്ചു.  സംഘര്‍ഷം ഉണ്ടായപ്പോള്‍ വെടിവെയ്പ്പ് ഒഴികെ എല്ലാ നടപടികളും സ്വീകരിച്ചു. വെടിവെപ്പ് നടന്നിരുന്നെങ്കില്‍ നിരവധി പേര്‍ മരിക്കുമായിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. അദാനി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റി.

Top