എറണാകുളത്തെ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് ഇബ്രാഹിം കുഞ്ഞിനെ ഒഴിവാക്കി

കൊച്ചി : എറണാകുളത്തെ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ ഒഴിവാക്കി. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഇബ്രാഹിംകുഞ്ഞിനെ പ്രതിയാക്കുമെന്ന സൂചനകളെത്തുടര്‍ന്നാണ് നടപടി.

കളമശ്ശേരി മണ്ഡലം എംഎല്‍എ കൂടിയായ ഇബ്രാഹിം കുഞ്ഞിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കാണാത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഏത് അന്വേഷണം നേരിടാനും യുഡിഎഫ് തയ്യാറാണെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചത്.

മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞിലിക്കുട്ടി എല്ലായിടത്തും പാലം, പാലം എന്ന് പരാമര്‍ശിക്കേണ്ടതില്ലെന്നാണ് ഇത് സംബന്ധിച്ച് പ്രതികരിച്ചത്.

അതേ സമയം പാലാരിവട്ടം മേല്‍പാല അഴിമതി കേസില്‍ ടി ഒ സൂരജ് ഉള്‍പ്പെടെയുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കേസിലെ ഒന്നാം പ്രതി കരാര്‍ കമ്പനി എം.ഡി സുമീത് ഗോയല്‍, രണ്ടാം പ്രതിയും കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അസി. ജനറല്‍ മാനേജരുമായ എം. ടി തങ്കച്ചന്‍, കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍ നാലാം പ്രതിയും പൊതുമരാമത്ത് മുന്‍ സെക്രട്ടറിയുമായ ടി.ഒ. സൂരജ് എന്നിവരുടെ ജാമ്യ ഹര്‍ജികളാണ് കോടതി വിധി പറയുന്നത്.

Top