കൊച്ചി : പാലാരിവട്ടം പാലം അഴിമതിയിൽ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ പങ്കിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് വിജിലൻസ് ഹൈക്കോടതിയിൽ. കരാറുകാർക്ക് മുൻകൂർ പണം നൽകാൻ ഉത്തരവിട്ട മന്ത്രിക്കും അഴിമതി നിരോധന നിയമപ്രകാരം ഉത്തരവാദിത്തം ഉണ്ട്. മന്ത്രിയുടെ പങ്കിനെ കുറിച്ച് അന്വേഷണം നടത്തുന്നതിനുള്ള അപേക്ഷ സർക്കാരിന്റെ പരിഗണനയിൽ ആണ്. ടി ഒ സൂരജിന്റെ ജാമ്യാപേക്ഷയെ എതിർത്തു നൽകിയ സത്യവാങ്മൂലത്തിൽ ആണ് വിജിലൻസിന്റെ വിശദീകരണം.
ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണത്തിന് അനുമതി തേടിയിട്ടുണ്ടെന്നും വിജിലന്‍സ് വ്യക്തമാക്കി. കഴിഞ്ഞ തവണ ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യങ്ങൾ നിലനിൽക്കുകയാണ്. പ്രതികൾക്ക് ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കും എന്നും വിജിലൻസ് ചൂണ്ടിക്കാട്ടി.
അതേസമയം കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നാലാം പ്രതി ടി. ഒ സൂരജും ഒന്നാം പ്രതി കരാറുകാരനായ സുമിത് ഗോയലും രണ്ടാം പ്രതി എം ഡി തങ്കച്ചനും രണ്ടാം വട്ടം നൽകിയ ജാമ്യപേക്ഷയിൽ വിജിലൻസ് ഇന്ന് വിശദീകരണം നല്‍കും. കേസിന്റെ സാഹചര്യത്തില്‍ മാറ്റം വന്നിട്ടില്ലെന്നും ജാമ്യം അനുവദിക്കരുതെന്നുമാണ് വിജിലന്‍സിന്റെ നിലപാട്. കഴിഞ്ഞ
ആഗസ്ത് 30നാണ് പ്രതികൾ അറസ്റ്റിലായത്. അന്വേഷണ സംഘം കസ്റ്റഡിയിൽ ചോദ്യം ചെയ്തു കഴിഞ്ഞതിനാൽ ഇനി റിമാൻഡിൽ കഴിയേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. കിറ്റ് കോ മുൻ ജീവനക്കാരി ഭാമ നൽകിയ മുൻകൂർ ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയിലുണ്ട്.