വി.കെ. പ്രകാശ്-നിത്യാ മേനോൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു.
വി.കെ.പി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ഒരു കഥാപാത്രം മാത്രമാണുള്ളത്.
തെന്നിന്ത്യൻ താരം നിത്യാ മേനോനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബർ ഒന്നിന് ആരംഭിക്കും.
ഇന്ത്യൻ സിനിമയിലെ പ്രമുഖരാണ് ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്.
പ്രശസ്ത ക്യാമറമാൻ പി.സി. ശ്രീറാം കാമറ ചലിപ്പിക്കുന്ന ചിത്രത്തിൽ റസൂൽ പൂക്കുട്ടിയാണ് ശബ്ദമിശ്രണം.
മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായാണ് ചിത്രം റിലീസ് ചെയ്യുക.
വി.കെ. പ്രകാശ് എന്നും പരീക്ഷണങ്ങളോടൊപ്പം സഞ്ചരിച്ച സംവിധായകനാണ്. 2000-ൽ പുറത്തിറങ്ങിയ പുനരധിവാസം ആണ് വി.കെ. പ്രകാശ് ആദ്യം സംവിധാനം ചെയ്ത ചിത്രം.
മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഇതിലൂടെ അദ്ദേഹം സ്വന്തമാക്കി.
കെയർഫുളാണ് ഒടുവിൽ സംവിധാനം ചെയ്തത്. കർമ്മയോഗി, പോപ്പിൻസ് എന്നിവയാണ് വി.കെ. പ്രകാശും നിത്യാ മേനോനും മുമ്പ് ഒന്നിച്ച ചിത്രങ്ങൾ.