VK Singh leads operation ‘Sankat Mochan’ to evacuate Indians from South Sudan

ന്യൂഡല്‍ഹി: ആഭ്യന്തരകലാപം രൂക്ഷമായ ദക്ഷിണ സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെ എത്തിക്കാനുള്ള ദൗത്യത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ‘ഓപ്പറേഷന്‍ സങ്കട് മോചന്‍’ എന്ന് പേരിട്ടിരിക്കുന്ന രക്ഷാപ്രവര്‍ത്തനം വിദേശകാര്യ സഹമന്ത്രി വി കെ സിങ്ങിന്റെ മേല്‍നോട്ടത്തില്‍ വ്യോമസേനയെ ഉപയോഗിച്ച് പൂര്‍ത്തിയാക്കും.

വിദേശകാര്യ മന്ത്രി സുഷമാസ്വരാജ് ട്വിറ്ററില്‍ കൂടി ഓപ്പറേഷന്റെ വിവരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ വികെ സിംഗ് ദക്ഷിണ സുഡാനിലെ ജുബയിലേക്ക് യാത്ര തിരിച്ചു. ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് അംബാസഡര്‍ ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി. പുറത്തിറങ്ങരുതെന്നാണ് ഇന്ത്യക്കാര്‍ക്ക ലഭിച്ചിട്ടുള്ള നിര്‍ദേശം.

കഴിഞ്ഞ ദിവസം സുഡാനിലെ ഇന്ത്യന്‍ എംബസി ഇന്ത്യക്കാരോട് ശാന്തരായിരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. നിരന്തരം ബന്ധം പുലര്‍ത്താമെന്നും ഇന്ത്യയിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും എംബസി ഇന്ത്യക്കാരെ അറിയിച്ചിരുന്നു.

തലസ്ഥാനമായ ജുബ നഗരത്തിലാണ് കൂടുതല്‍ ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നത്. ഔദ്യോഗിക വിവര പ്രകാരം ആയിരത്തില്‍ താഴെ ഇന്ത്യക്കാര്‍ മാത്രമേ ദക്ഷിണ സുഡാനിലുള്ളൂ. ഇവരില്‍ പലരും ജുബയിലെ വ്യാപാരികളും വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്നവരുമാണ്. ക്രിസ്ത്യന്‍ മിഷണറി സംഘടനകളിലും ചില ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ടു. തങ്ങളുടെ കെട്ടിടങ്ങള്‍ക്കു നേരെ ആക്രമണം ഉണ്ടായ സാഹചര്യത്തില്‍ ഐക്യരാഷ്ട്ര സഭയും തങ്ങളുടെ ജോലിക്കാരെ രാജ്യത്തു നിന്ന് പിന്‍വലിച്ചിട്ടുണ്ട്. വിഷയം യു.എന്‍ രക്ഷാ സമിതി ഞായറാഴ്ച ചര്‍ച്ച ചെയ്തിരുന്നു.

ദക്ഷിണ സുഡാനില്‍ പ്രസിഡന്റ് അനുകൂലികളും വൈസ് പ്രസിഡന്റ് അനുകൂലികളും തമ്മിലാണ് ആഭ്യന്തരയുദ്ധം. പലയിടങ്ങളിലും സര്‍ക്കാര്‍ സൈനികരും വിമത ഗ്രൂപ്പും ഏറ്റുമുട്ടിയതോടെ നൂറുക്കണക്കിന് പേര്‍ കൊല്ലപ്പെട്ടു. ആഭ്യന്തരയുദ്ധം രൂക്ഷമായതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ച പ്രസിഡന്റ് സാല്‍വ കിര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു.

ഏറ്റുമുട്ടല്‍ അവസാനിപ്പിച്ച് സാധാരണക്കാരെ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പ്രസിഡന്റ് ആഹ്വാനം ചെയ്തതായി ഇന്‍ഫര്‍മേഷന്‍ മന്ത്രി മൈക്കല്‍ മകൂയി ദേശീയ ചാനലിലൂടെ പറഞ്ഞു. കീഴടങ്ങിയ വൈസ് പ്രസിഡന്റ് അനുകൂലികളെ സംരക്ഷിക്കണമെന്നും മകൂയി പറഞ്ഞിരുന്നു.

ആഭ്യന്തരയുദ്ധം രൂക്ഷമായതോടെ ദക്ഷിണ സുഡാനില്‍ നിന്നും 36,000ത്തോളം പേര്‍ പലായനം ചെയ്‌തെന്ന് യുഎന്‍ പറയുന്നു. യുദ്ധത്തിന് ശമനമില്ലാത്തതിനെ തുടര്‍ന്ന് സന്നദ്ധസംഘടനകളും മറ്റ് രാജ്യങ്ങളുടെ എംബസികളും ഉദ്യോഗസ്ഥരും രാജ്യത്ത് നിന്നും ഒഴിപ്പിക്കാനുള്ള തിരക്കിട്ട നീക്കം ആരംഭിച്ചിരുന്നു.

Top