കൊല്ലപ്പെട്ട ഇന്ത്യക്കാര്‍ ഇറാഖിലെത്തിയത് അനധികൃതമായി; വി.കെ സിങ്ങ്

vksingh

ന്യൂഡല്‍ഹി: മൊസൂളില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാര്‍ ഇറാഖിലെത്തിയത് വ്യക്തമായ രേഖകളില്ലാതെ അനധികൃതമായാണെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ സിങ്. ഇറാഖിലെ ഇന്ത്യന്‍ എംബസിയില്‍ ഇവരെ കുറിച്ചുള്ള ഒരു രേഖകളും ഇല്ലെന്നും അദ്ദേഹം അറിയിച്ചു.

ഇറാഖില്‍ കൊല്ലപ്പെട്ട 38 ഇന്ത്യക്കാരുടെ ഭൗതിക അവശിഷ്ടങ്ങള്‍ ഇന്ത്യയില്‍ എത്തിച്ചതിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇക്കാര്യം ഉന്നയിക്കേണ്ട സമയമല്ല ഇതെന്നും എന്നാല്‍ തൊഴിലാളികള്‍ ഇറാഖിലെത്തിയത് അനധികൃത ഏജന്റ് മുഖേനെയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

അതേസമയം, കേരളത്തില്‍ നിന്നുള്ള 46 നഴ്സുമാരെ ഐ എസിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടുത്താനായത് സര്‍ക്കാരിന്റെ പക്കല്‍ അവരെ കുറിച്ച് രേഖകള്‍ ഉണ്ടായിരുന്നതിനാലാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഇന്ത്യക്കാരും വിദേശത്തു പോകുന്നത് നിയമപരമായി വേണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2014-ലാണ് ഇറാഖില്‍ ജോലി ചെയ്തിരുന്ന 39 ഇന്ത്യക്കാരെ കാണാതായത്. ഇവര്‍ കൊല്ലപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് കഴിഞ്ഞ മാസമാണ് സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ട 39 തൊഴിലാളികളില്‍ 38 പേരുടെ ഭൗതികാവശിഷ്ടമാണ് തിരികെ കൊണ്ടുവന്നത്. ഡിഎന്‍എ മാച്ച് ആകാത്ത സാഹചര്യത്തിലാണ് ഒരാളുടെ മൃതദേഹം തിരികെ കൊണ്ടുവരാതിരുന്നത്.

Top