വി കെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റര്‍ വന്ദേഭാരതിന് മുകളിൽ പതിപിച്ച് കോൺഗ്രസ് പ്രവ‍‍ര്‍ത്തക‍ര്‍

പാലക്കാട് : വന്ദേഭാരത് ട്രെയിനിന് മുകളിൽ പാലക്കാട് എംപി വി കെ ശ്രീകണ്ഠന്റെ പോസ്റ്ററുകൾ ഒട്ടിച്ച് കോൺഗ്രസ് പ്രവർത്തകർ. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ പാലക്കാട് എംപിയായ ശ്രീകണ്ഠന്റെ ചിത്രങ്ങൾ ജനലിൽ ഒട്ടിച്ചത്. റെയിൽവേ പൊലീസ് സംഘമെത്തി പോസ്റ്ററുകൾ ഉടൻ നീക്കം ചെയ്തു. നേരത്തെ വന്ദേഭാരതിന് ഷൊ‍ര്‍ണൂരിൽ സ്റ്റോപ്പ് അനുവദിക്കാതിരുന്ന വേളയിൽ വി കെ ശ്രീകണ്ഠൻ എംപി ഇടപെടുകയും റെയിൽവേ മന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. അവസാനം ഷെഡ്യൂൾ പ്രസിദ്ധീകരിച്ച വേളയിൽ വന്ദേ ഭാരതിന്റെ ഷൊ‍‍ര്‍ണൂരിൽ സ്റ്റോപ്പ് അനുവദിക്കപ്പെടുകയും ചെങ്ങന്നൂരും തിരൂരും ഒഴിവാക്കുകയുമായിരുന്നു.

കോൺഗ്രസ് പ്രവർത്തകരുടെ പ്രവർത്തിക്കെതിരെ വലിയ വിമർശമാണ് ഉയരുന്നത്. ഉദ്ഘാടനം ചെയ്ത ദിവസം തന്നെ സ്വന്തം പോസ്റ്റർ പതിപ്പിച്ച് അന്താരാഷ്ട്ര നിലവാരമുള്ള ട്രെയിനിനെ നശിപ്പിക്കാൻ നശിപ്പിക്കാൻ ശ്രമിച്ചതിന് ശ്രീകണ്ഠൻ എംപിക്കെതിരെ കേസെടുക്കണമെന്ന് ബിജെപി നേതാവ് കൃഷ്ണദാസ് ആവശ്യപ്പെട്ടു. ഇത് ഒരു കാരണവശാലും അനുവദിച്ചുകൂടാ. ചെയ്തവർക്ക് എതിരെയും ചെയ്യിപ്പിച്ച നേതാവിനെതിരെയും പൊതു മുതൽ നശിപ്പിച്ചതിന് കേസ് എടുക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.

നേരത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ ട്രെയിൻ തടയുമെന്ന് വി കെ ശ്രീകണ്ഠൻ പ്രഖ്യാപിച്ചിരുന്നു. ഉദ്ഘാടന ദിവസമായ ഏപ്രിൽ 25 ന് ഷൊർണൂരിൽ ട്രെയിൻ തന്നെ തടയുമെന്നായിരുന്നു പ്രഖ്യാപനം.

Top