ചര്‍ച്ചകള്‍ക്ക് തയ്യാര്‍, യുക്രൈനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് വ്‌ലാഡിമര്‍ പുടിന്‍

Russia-PUTIN

യുക്രൈനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍. ചര്‍ച്ചകള്‍ക്ക് റഷ്യ തയ്യാറാണെന്നും പുടിന്‍ അറിയിച്ചു. ജര്‍മ്മന്‍ ചാന്‍സിലറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പുടിന്‍ ഇക്കാര്യം അറിയിച്ചത്.

മിസൈല്‍ വിന്യാസത്തിലും സൈനിക സുതാര്യതയിലും നാറ്റോയുമായും അമേരിക്കയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പുടിന്‍ പറഞ്ഞു. യുക്രൈന്‍ അതിര്‍ത്തികളില്‍ നിന്നും ഏതാനും ട്രൂപ്പ് സൈനികരെ പിന്‍വലിച്ച ശേഷം പുടിന്‍ നടത്തിയിരിക്കുന്ന പ്രസ്താവന ശുഭസൂചനയായാണ് പാശ്ചാത്യ ലോകം കാണുന്നത്. യുക്രൈന്‍ ഉള്‍പ്പെടെയുള്ള മുന്‍ സോവിയറ്റ് യൂണിയന്‍ രാജ്യങ്ങളെ നാറ്റോയില്‍ നിന്നും മാറ്റി നിര്‍ത്താനുള്ള മോസ്‌കോയുടെ ആവശ്യം അമേരിക്കയും നാറ്റോയും പരിഗണിച്ചില്ലെന്നും പുടിന്‍ ചൂണ്ടിക്കാട്ടി.

യുക്രൈനെ നാളെ റഷ്യ ആക്രമിക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോദിമര്‍ സെലെന്‍സ്‌കിയുടെ പ്രസ്താവന നേരത്തെ ചര്‍ച്ചയായിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രസിഡന്റ് രാജ്യത്തെ ജനങ്ങളെ ഇക്കാര്യം അറിയിച്ചത്. ഇതിനെത്തുടര്‍ന്ന് ബുധനാഴ്ച രാജ്യത്ത് അവധി ദിനമായി പ്രസിഡന്റ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Top