മൂന്നാം ലോകമഹായുദ്ധത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കി വ്‌ളാഡിമിര്‍ പുട്ടിന്‍

മോസ്‌കോ: മൂന്നാം ലോകമഹായുദ്ധത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കി വ്‌ളാഡിമിര്‍ പുട്ടിന്‍. തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി അഞ്ചാം തവണയും റഷ്യന്‍ പ്രസിഡന്റാകുമെന്ന് ഉറപ്പായതിനു പിറകേയാണ് ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി പുട്ടിന്‍ രംഗത്തെത്തിയത്. റഷ്യയും യുഎസ് നേതൃത്വം നല്‍കുന്ന നാറ്റോ സഖ്യവും തമ്മിലുള്ള സംഘര്‍ഷം മൂന്നാംലോക മഹായുദ്ധത്തിന് ഒരു പടി മാത്രം അകലെയാണെന്നാണ് അര്‍ഥമാക്കുന്നതെന്നും എന്നാല്‍ യുദ്ധം ആരും ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു പുട്ടിന്റെ പ്രസ്താവന. 87.8 ശതമാനം വോട്ട് പുട്ടിന്‍ നേടിയെന്നാണു റിപ്പോര്‍ട്ട്. അതേസമയം അമേരിക്ക, യുകെ, ജര്‍മനി തുടങ്ങി വിവിധ രാജ്യങ്ങള്‍ റഷ്യന്‍ തിരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് രംഗത്തെത്തി. പ്രതിപക്ഷ നേതാക്കളെ തടവിലാക്കി, നീതിപൂര്‍വമല്ലാത്ത തിരഞ്ഞെടുപ്പാണ് റഷ്യയില്‍ നടന്നതെന്ന് വിവിധ രാജ്യങ്ങള്‍ ആരോപിച്ചു.

റഷ്യന്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് റഷ്യന്‍ അതിര്‍ത്തികളില്‍ യുക്രെയ്ന്‍ ആക്രമണം കടുപ്പിച്ചിരുന്നു. ആക്രമണം തുടരുകയാണെങ്കില്‍ റഷ്യന്‍ പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനായി യുക്രെയ്‌നിലെ ഖാര്‍കിവ് മേഖല പിടിച്ചെടുത്ത് ബഫര്‍സോണ്‍ ആക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും പുട്ടിന്‍ സൂചന നല്‍കി. റഷ്യന്‍ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള അമേരിക്കയുടെ വിമര്‍ശനത്തെയും പുട്ടിന്‍ പുച്ഛിച്ചുതള്ളി. യുഎസ് തിരഞ്ഞെടുപ്പ് ജനാധിപത്യപരമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുക്രെയ്‌നില്‍ നാറ്റോ സൈനികരുടെ സാന്നിധ്യമുണ്ടെന്നും ഇംഗ്ലീഷും ഫ്രഞ്ചും സംസാരിക്കുന്നവരെ റഷ്യ യുക്രെയ്‌നില്‍ നിന്ന് പിടികൂടിയെന്നും പുട്ടിന്‍ പറഞ്ഞു. യുക്രെയ്‌നിലെ യുദ്ധത്തെ വഷളാക്കുന്ന നടപടികള്‍ അവലംബിക്കുന്നതിന് പകരം മാക്രോണ്‍ സമാധാനത്തിനായി പരിശ്രമിക്കണമെന്നും പുട്ടിന്‍ ആവശ്യപ്പെട്ടു.

യുക്രെയ്‌നില്‍ തങ്ങളുടെ കരസേനയെ വിന്യസിക്കുന്ന കാര്യം തള്ളിക്കളയാനാകില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനു മറുപടിയെന്നോണമാണ് മൂന്നാംലോക മഹായുദ്ധത്തെ കുറിച്ചുള്ള മുന്നറിയിപ്പുമായി പുട്ടിന്‍ എത്തിയത്. ആധുനിക ലോകത്ത് എന്തും സാധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ”ഇത് മൂന്നാംലോക മഹായുദ്ധത്തില്‍ നിന്ന് ഒരു പടിമാത്രം അകലെയാണെന്ന് എല്ലാവര്‍ക്കും വ്യക്തമായി അറിയാം. പക്ഷേ ആര്‍ക്കും അതില്‍ താല്പര്യമുള്ളതായി എനിക്ക് തോന്നുന്നില്ല. ” പുട്ടിന്‍ പറഞ്ഞു.

Top