യുക്രെയ്ന്‍ അധിനിവേശത്തില്‍ നിന്ന് പിന്മാറിയാല്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ കൊല്ലപ്പെടുമെന്ന് എക്സ് സിഇഒ ഇലോണ്‍ മസ്‌ക്. അധിനിവേശം അവസാനിപ്പിക്കാന്‍ പുടിന്‍ സമ്മര്‍ദ്ദത്തിലാണെന്ന് താന്‍ വിശ്വസിക്കുന്നു. എന്നാല്‍ യുദ്ധത്തില്‍ പുടിന്‍ പരാജയപ്പെടാന്‍ യാതൊരു വഴിയുമില്ലെന്നും മസ്‌ക് പറഞ്ഞു. യുക്രെയ്നിന് അധിക യുദ്ധകാല സഹായം നല്‍കുന്ന കരട് ബില്ലിനെ എതിര്‍ത്ത യുഎസ് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരുമായി എക്സ് സ്പേസിനെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലാണ് മസ്‌ക് ഇക്കാര്യം പറഞ്ഞത്.
യുദ്ധത്തില്‍ വിജയിക്കാനുള്ള യുക്രെയ്നിന്റെ കഴിവിനെ സംശയിക്കുകയും സഹായത്തിനായുള്ള യുക്രേനിയന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലെന്‍സ്‌കിയുടെ അഭ്യര്‍ത്ഥനകളെ പരിഹസിക്കുകയും ചെയ്തുകൊണ്ട് എക്സില്‍ മുമ്പും മസ്‌ക് സമാനമായ വികാരങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. യുക്രെയിനില്‍ നിന്നും കോണ്‍ഗ്രസിലെ ഡെമോക്രാറ്റിക് അംഗങ്ങളില്‍ നിന്നും ഇത്തരം പരാമര്‍ശങ്ങള്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വഴി വെക്കുകയും ചെയ്തിട്ടുണ്ട്.2022 ഫെബ്രുവരി 24 നാണ് റഷ്യ യുക്രെയ്‌നില്‍ അധിനിവേശം ആരംഭിച്ചത്. 2023 സെപ്റ്റംബറില്‍, ഒരു സൈനിക ആക്രമണത്തിനിടെ സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്ക് സ്റ്റാര്‍ലിങ്ക് സജീവമാക്കാനുള്ള യുക്രെയ്ന്‍ സര്‍ക്കാരിന്റെ അടിയന്തര അഭ്യര്‍ത്ഥന മസ്‌ക് നിരസിച്ചിരുന്നു. യുദ്ധം കൂടുതല്‍ ഭീകരമാകാനും സംഘര്‍ഷം രൂക്ഷമാക്കാനും ഇത് ഇടയാക്കുമെന്ന ഭയം മൂലമാണ് അഭ്യര്‍ത്ഥന നിരസിച്ചതെന്നാണ് മസ്‌ക് അഭിപ്രായപ്പെട്ടത്.
യുക്രെയിനായി കൂടുതല്‍ ധന സഹായങ്ങള്‍ ചിലവഴിക്കുന്നത് ഒരു തരത്തിലും ഉപകാരപ്പെടില്ലെന്നും മസ്‌ക് അഭിപ്രായപ്പെട്ടു. ‘യുദ്ധം നീട്ടുന്നത് ഒരു തരത്തിലും യുക്രെയ്ന്‍ നല്ലതല്ല, അതിനാല്‍ തന്നെ അമേരിക്കയുടെ സഹായവും യുക്രെയ്‌ന് ഉപകാരപ്പെടില്ല,’ മസ്‌ക് അവകാശപ്പെട്ടു. യുദ്ധത്തില്‍ താന്‍ പുടിനെ പ്രതിരോധിക്കുന്നു എന്ന ആരോപണങ്ങള്‍ അസംബന്ധമാണെന്നും മസ്‌ക് വ്യക്തമാക്കിയിട്ടുണ്ട്.അധിനിവേശം ചെറുത്ത് യുക്രെയ്ന്‍ വിജയം വരുമെന്ന് വിശ്വസിക്കുന്നവര്‍ ഒരു ഫാന്റസി ലോകത്താണ് ജീവിക്കുന്നതെന്ന് ചര്‍ച്ചയില്‍ വിസ്‌കോണ്‍സിന്‍ സംസ്ഥാന പ്രതിനിധിയായ റോണ്‍ ജോണ്‍സണ്‍ പറഞ്ഞതിനോട് ചേര്‍ത്താണ് പുടിന്‍ അഭിപ്രായങ്ങള്‍ പങ്ക് വെച്ചത്. മസ്‌കിനൊപ്പം മുന്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിവേക് രാമസ്വാമി, ക്രാഫ്റ്റ് വെഞ്ചേഴ്സ് എല്‍എല്‍സിയുടെ സഹസ്ഥാപകന്‍ ഡേവിഡ് സാക്‌സ്, വിസ്‌കോണ്‍സിന്‍ സംസ്ഥാന പ്രതിനിധികളായ റോണ്‍ ജോണ്‍സണ്‍, ഒഹായോയിലെ ജെഡി വാന്‍സ്, യൂട്ടായിലെ മൈക്ക് ലീ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.