തിരുവനന്തപുരം: കേന്ദ്ര വാണിജ്യ സെക്രട്ടറിയുടെ റബര്‍ നയം ഉണ്ടാകില്ലെന്ന പ്രസ്താവനയോടെ റബര്‍ കര്‍ഷകരെ കേന്ദ്രസര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍.
കേരളത്തിന്റെ സമ്പദ്ഘടനയെ ബാധിക്കുന്ന റബര്‍ പോലെയുള്ള സുപ്രധാന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിഷേധാത്മക സമീപനം പ്രതിഷേധാര്‍ഹമാണെന്നും സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പാര്‍ലമെന്ററി കമ്മിറ്റിയുടെയും എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയുടെയും ശുപാര്‍ശകളെ തള്ളിക്കളഞ്ഞുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ സമീപനം കര്‍ഷകരോടുള്ള തികഞ്ഞ വഞ്ചനയാണ്. കേരളത്തില്‍ വന്ന് റബര്‍ കര്‍ഷകരെ സംരക്ഷിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കേവലം പാഴ്‌വാക്കായി മാറി.
റബര്‍ ബോര്‍ഡിന് സ്ഥിരം ചെയര്‍മാനില്ലാതെയായിട്ട് നാളുകള്‍ ഏറെയായി. വ്യവസ്ഥാപിത ബോര്‍ഡും നിലവിലില്ല. കേന്ദ്ര ബഡ്ജറ്റ് വിഹിതം വെട്ടിക്കുറച്ചു. കര്‍ഷകര്‍ക്ക് ഗുണകരമായി നിലവിലുണ്ടായിരുന്ന പദ്ധതികള്‍ പോലും ഇല്ലാതാകുന്ന സ്ഥിതിയാണുള്ളതെന്നും സുധീരന്‍ വ്യക്തമാക്കി.
കേരളത്തില്‍ നിരവധി ഫീല്‍ഡ് ഓഫീസുകള്‍ അടച്ചുപൂട്ടി. റീജിണല്‍ ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ നീക്കങ്ങള്‍ നടക്കുന്നു. ഫലത്തില്‍ റബര്‍ ബോര്‍ഡിന്റെ നിലനില്‍പ്പു പോലും ഇല്ലാതാകുന്ന അവസ്ഥയിലെത്തിയിരിക്കുയാണ്.
മലേഷ്യയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം സര്‍ജ്ജിക്കല്‍ ഗ്ലൗസ് ഉള്‍പ്പടെയുള്ള റബര്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതിച്ചുങ്കമില്ലാതെ നമ്മുടെ രാജ്യത്തേക്ക് കൊണ്ടുവന്ന് ലാറ്റക്‌സിന്റെ വിലയിടിക്കുന്നു.
ഇതെല്ലാം ചെയ്യുന്നത് വന്‍കിട കോര്‍പ്പറേറ്റുകളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനാണ്. മോഡിസര്‍ക്കാര്‍ കര്‍ഷകരോട് ചെയ്ത ഈ വന്‍ ചതിക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.