vm sudheeran – chennithala

തിരുവനന്തപുരം: പാര്‍ട്ടിയുമായി ആലോചിക്കാതെ വിവാദ തീരുമാനങ്ങള്‍ എടുക്കരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോടും കെ.പി.സി. പ്രസിഡന്റ് വി.എം. സുധീരന്റെ നിര്‍ദേശം. മെത്രാന്‍ കായലിലെ 425 ഏക്കര്‍ നികത്തലുമായി ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സുധീരന്റെ ആവശ്യം.

പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് തീരുമാനം. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സര്‍ക്കാരോ പാര്‍ട്ടിയോ വിവാദങ്ങളില്‍ ഉള്‍പ്പെടാതെ ശ്രദ്ധിക്കണം. നിലം നികത്താന്‍ നല്‍കിയ അനുമതി പന്‍വലിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിയുമായി ആലോചിക്കാതെ ഇത്തരം തീരുമാനങ്ങള്‍ എടുക്കരുതെന്ന കെ.പി.സി.സി ഉപസമിതി തീരുമാനത്തിന് വിരുദ്ധമാണ് ഉത്തരവെന്നും സുധീരന്‍ പറഞ്ഞു.

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം 2008 അട്ടിമറിച്ച് കുട്ടനാട്ടില്‍ കുമരകം മെത്രാന്‍ കായലില്‍ 378 ഏക്കര്‍ നെല്‍വയല്‍ നികത്താന്‍ മാര്‍ച്ച് ഒന്നിന് റവന്യൂവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മത്തേയാണ് ഉത്തരവിറക്കിയത്.

2200 കോടി രൂപ നിക്ഷേപം വരുന്ന പദ്ധതി സംസ്ഥാന ടൂറിസത്തിന് അന്താരാഷ്ട്ര പ്രശസ്തി നേടിത്തരുമെന്നും ഇക്കോടൂറിസം പദ്ധതി നടപ്പാക്കുന്നതിന് അനുകൂലമായി കോട്ടയം ജില്ലാ കലക്ടര്‍ ശിപാര്‍ശ നല്‍കിയിട്ടുണ്ടെന്നുമാണ് സര്‍ക്കാറിന്റെ വാദം.

എന്നാല്‍ മെത്രാന്‍ കായല്‍, പൊന്നാടന്‍ കായല്‍ തുടങ്ങിയ തരിശ് പാടശേഖരങ്ങള്‍ കൃഷിചെയ്യാന്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയരുമ്പോഴാണ് ടൂറിസം പദ്ധതിക്ക് കൈമാറിയത്.

Top