vm sudheeran – crude oil price

തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് ഉണ്ടായ വിലയിടിവിന്റെ ആനുകൂല്യം രാജ്യത്തെ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കാതെ ഇന്ധനവില വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് സുധീരന്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

ഇന്ധന വിലയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ 2014 മേയ് 27ന് അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില ബാരലിന് 104.78 ഡോളറായിരുന്നു.

ഇപ്പോഴിത് ബാരലിന് 36.34 ഡോളറായി ചുരുങ്ങി എന്നിട്ടും വിലക്കുറവിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നില്ല. പകരം ഇന്ധനത്തിന് മേലുള്ള എക്‌സൈസ് തീരുവ പലതവണ വര്‍ദ്ധിപ്പിച്ച് ജനങ്ങള്‍ക്ക് മേല്‍ അധിക സാമ്പത്തികഭാരം അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തയാറായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പെട്രോള്‍, ഡീസല്‍ വില കുറയ്ക്കണമെന്ന ആവശ്യമുയരുമ്പോള്‍ നിസാരമായ വിലക്കുറവ് പ്രഖ്യാപിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുക മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ഇന്ധന വിലവര്‍ധനവ് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവിനും പണപ്പെരുപ്പം തുടങ്ങിയവയ്ക്കും കാരണമാകും. എണ്ണ കമ്പനിക്കാരായ കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളലാഭമുണ്ടാക്കുന്ന നടപടിയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും വി.എം.സുധീരന്‍ ആവശ്യപ്പെട്ടു.

Top