തിരുവനന്തപുരം: പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലിനെതിരെ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിലുറച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. മോന്‍സന്റെ ഉന്നത പൊലീസ് ബന്ധം, സമൂഹത്തിലെ ഉന്നതരുമായുള്ള മറ്റ് ബന്ധങ്ങള്‍, തട്ടിപ്പുകള്‍ ഇവയെല്ലാം ചൂണ്ടിക്കാട്ടിയാണ് സുധീരന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. നേരത്തെയും കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ അടക്കം ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലും സുധീരന്‍, ബെന്നി ബെഹ്നാന്‍ അടക്കമുള്ള നേതാക്കള്‍ കേസില്‍ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
അതേസമയം, സാമ്പത്തികത്തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെതിരെയുള്ള കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്താണ് ഇതുസംബന്ധിച്ച ഉത്തരവായത്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തിക്കുക. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് മേല്‍നോട്ടം വഹിക്കും.