സഹിക്ക വയ്യാതെയാണ് വി എം സുധീരന്‍ പൊട്ടിത്തെറിച്ചതെന്ന് മന്ത്രി വി ശിവന്‍കുട്ടി. മുന്‍ കെ പി സി സി പ്രസിഡന്റിന് പോലും സഹിക്കാന്‍ കഴിയാത്ത നയങ്ങളാണ് കോണ്‍ഗ്രസിന്റേത് എന്ന് വ്യക്തമായിരിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. നരസിംഹറാവുവും മന്‍മോഹന്‍ സിംഗും നടപ്പാക്കിയ നയങ്ങള്‍ ബി ജെ പിയ്ക്ക് വഴിയൊരുക്കി എന്ന ഇടതുപക്ഷ വിമര്‍ശനങ്ങളെ ശരിവച്ചിരിക്കുകയാണ് വി എം സുധീരന്‍ എന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനകത്ത് അവസരവാദ നയങ്ങളുമായി ബന്ധപ്പെട്ട് ആഭ്യന്തര സംഘര്‍ഷം രൂക്ഷമായിരിക്കുന്നു എന്നതിന്റെ സൂചനയാണ് സുധീരന്റെ തുറന്നു പറച്ചില്‍. മതനിരപേക്ഷ, ജനോപകാര നിലപാടുകളോടുള്ള കോണ്‍ഗ്രസിന്റെ അസഹിഷ്ണുത വി എം സുധീരന്റെ വെളിപ്പെടുത്തലുകളിലൂടെ വ്യക്തമാകുന്നുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി പ്രസ്താവനയില്‍ പറയുന്നു.കെ സുധാകരനും വി ഡി സതീശനും സംസ്ഥാന കോണ്‍ഗ്രസ് തലപ്പത്ത് എത്തിയതിന് ശേഷം രാഷ്ട്രീയ എതിരാളികളോട് മാത്രമല്ല സഹപ്രവര്‍ത്തകരോട് പോലും മോശം പെരുമാറ്റമാണ് എന്നതിന്റെ ഉത്തമ തെളിവാണ് വി എം സുധീരന്റെ വാക്കുകള്‍. നിഷേധാത്മക രാഷ്ട്രീയത്തിലൂടെ പൊതുസമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെ കുറിച്ച് കൃത്യമായ അപായ സൂചനകളും വിമര്‍ശനങ്ങളും എന്നും ഇടതുപക്ഷം മുന്നോട്ട് വച്ചിട്ടുണ്ട്. ബി ജെ പിയുടെ തീവ്രഹിന്ദുത്വ നിലപാടുകള്‍ക്ക് കുട പിടിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ഈ വിമര്‍ശനങ്ങളെയും വി എം സുധീരന്‍ ശരിവച്ചിരിക്കുകയാണെന്ന് ശിവന്‍കുട്ടി പറഞ്ഞു.