തിരുവനന്തപുരം: സംസ്ഥാനത്ത് വനിതാ മതില്‍ തീര്‍ക്കുന്നതിനുള്ള സംഘാടക സമിതി അധ്യക്ഷനായി വര്‍ഗീയ വിദ്വേഷം പരത്തുന്ന വെള്ളാപ്പള്ളിയെ നിയോഗിച്ചതോടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍.
താന്‍ നടത്തിവരുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരില്‍ നിന്നും നടപടി ഒഴിവാക്കുന്നതിന് മകനെ ബിജെപിയോടൊപ്പം നിര്‍ത്തുകയും കേരള സര്‍ക്കാര്‍ നടപടികളില്‍ നിന്നും രക്ഷപ്പെടാനും തുടര്‍നടപടികള്‍ വരാതിരിക്കാനും പിണറായിയോടൊപ്പം നില്‍ക്കാനും സ്വയം തയ്യാറാകുന്ന വെള്ളാപ്പള്ളിയുടെ അവസരവാദപരമായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ളതാണെന്ന് ആര്‍ക്കും മനസ്സിലാകുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:
നവോത്ഥാന മൂല്യസംരക്ഷണത്തിൻ്റെ പേരിൽ ‘കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാൻ അനുവദിക്കില്ലെന്ന’ മുദ്രാവാക്യം ഉയർത്തി വനിതാ മതിൽ തീർക്കുന്നതിനുള്ള സംഘാടക സമിതി അധ്യക്ഷനായി എന്നും വർഗീയ വിദ്വേഷം പരത്തുന്ന വെള്ളാപ്പള്ളിയെ നിയോഗിച്ചതോടെ തന്നെ ആ രാഷ്ട്രീയനീക്കം പാളിപ്പോയി. അതിന് യാതൊരു വിശ്വാസ്യതയും ഇല്ലാതായി.
കോഴിക്കോട് മാൻഹോൾ ദുരന്തത്തിൽ പെട്ട് ജീവൻ നഷ്ടപ്പെട്ട ഓട്ടോ ഡ്രൈവറായ നൗഷാദിൻ്റെ കുടുംബത്തിന് അന്നത്തെ സർക്കാർ സഹായം നൽകിയതിനെതിരെ നഗ്നമായ വർഗീയ പരാമർശമാണ് വെള്ളാപ്പള്ളി നടത്തിയത്.
തികഞ്ഞ വർഗീയവാദിക്ക് മാത്രമേ ഇത്തരം വർഗ്ഗീയ വിഷം വമിപ്പിക്കുന്നതും മതസ്പർദ്ധ വളർത്താൻ ഇടയാക്കുന്നതുമായ പ്രസംഗം നടത്താനാകൂ.
ഈ പ്രസംഗത്തിനെതിരെ വി.എസ്, പിണറായി, കോടിയേരി എന്നീ സിപിഎം നേതാക്കൾ ശക്തമായി പ്രതികരിച്ചിരുന്നു.
എന്നാൽ അന്ന് വെള്ളാപ്പള്ളിക്കെതിരെ രൂക്ഷമായ നിലപാട് സ്വീകരിച്ച അതേ പിണറായി തന്നെയാണ് ഇപ്പോൾ വെള്ളാപ്പള്ളിക്ക് വെള്ളപൂശി നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനെന്നപേരിൽ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ഇത് തികച്ചും അവസരവാദപരമാണ്, പരിഹാസ്യമാണ്.
നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുസ്വാമികൾ എന്തെല്ലാം സന്ദേശങ്ങളാണോ മാനവനന്മയ്ക്കായി നൽകിയിട്ടുള്ളത് അതിനെല്ലാം വിരുദ്ധമായി മാത്രം എന്നും പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്തുവരുന്ന വെള്ളാപ്പള്ളിയെ തന്നെ നവോത്ഥാന മൂല്യങ്ങളുടെ ‘അഭിനവ സംരക്ഷക’നായി അവതരിപ്പിക്കുന്ന പിണറായിയുടെ നടപടി കേരളത്തിലെ ജനങ്ങളോ സ്വന്തം അണികളോ അംഗീകരിക്കില്ല.
താൻ നടത്തിവരുന്ന കുറ്റകൃത്യങ്ങൾക്കെതിരെ കേന്ദ്ര സർക്കാരിൽ നിന്നും നടപടി ഒഴിവാക്കുന്നതിന് മകനെ ബി.ജെ.പിയോടൊപ്പം നിർത്തുകയും കേരള സർക്കാർ നടപടികളിൽ നിന്നും രക്ഷപ്പെടാനും തുടർനടപടികൾ വരാതിരിക്കാനും പിണറായിയോടൊപ്പം നിൽക്കാനും സ്വയം തയ്യാറാകുന്ന വെള്ളാപ്പള്ളിയുടെ അവസരവാദപരമായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ളതാണെന്ന് ആർക്കും മനസ്സിലാകും.
തീവ്ര ഹിന്ദുത്വവാദിയായ സി.പി. സുഗുതനേയും കൂടെ കൂട്ടിയ മുഖ്യമന്ത്രിയുടെ നടപടി അതീവ വിചിത്രമാണ്.
സ്വന്തം ഭരണപരാജയത്തിൽ നിന്നും ജനശ്രദ്ധ തിരിക്കാനാണ് പിണറായി ലക്ഷ്യമിടുന്നത്. രാഷ്ട്രീയ നേട്ടം കൈവരിക്കാനാകും എന്ന തെറ്റായ കണക്കുകൂട്ടലിലൂടെ ജാതി-മത-വർഗീയ ശക്തികൾക്ക് ചുവപ്പ് പരവതാനി വിരിക്കാനുള്ള പിണറായിയുടെ വിലകുറഞ്ഞ തന്ത്രങ്ങൾ കേരളത്തിൽ വിലപ്പോകില്ല.