തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് പീഡന കേസില്‍ നീതി നിഷേധിക്കപ്പെട്ട കന്യാസ്ത്രീകള്‍ നടത്തി വരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരനും. നാളെ 10 മണിക്ക് തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നില്‍ ചേരുന്ന ഐക്യദാര്‍ഢ്യ കൂട്ടായ്മയില്‍ പങ്കെടുക്കുമെന്ന് സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:
നീതി നിഷേധിക്കപ്പെട്ട കന്യാസ്ത്രീകൾ നടത്തി വരുന്ന ധർമ്മ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനായി നാളെ (12-9-2018) 10 മണിക്ക് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ ചേരുന്ന ഐക്യദാർഢ്യ കൂട്ടായ്മയിൽ ഞാനും പങ്കെടുക്കുന്നുണ്ട്.
കേരളം പോലെ പ്രബുദ്ധമായ ഒരു സംസ്ഥാനത്ത് പോലും നിയമവാഴ്ച അട്ടിമറിക്കപ്പെടുന്ന സ്ഥിതി വിശേഷമാണ് ഒന്നിന് പിറകെ മറ്റൊന്നായി കാണുന്നത്.
എം.എൽ.എക്ക് എതിരായി പാർട്ടിയിലെ വനിതാ നേതാവ് ഉന്നയിച്ച ആരോപണം കേവലം ‘പാർട്ടി കാര്യ’മായി ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങൾ ഒരു ഭാഗത്ത് നടക്കുന്നു. അതേസമയം തന്നെയാണ് ജലന്തർ ബിഷപ്പിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ശരിയാണെന്ന് ബഹു.ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയ പോലീസ് ഇപ്പോൾ ഉരുണ്ടു കളിക്കുന്നത്.
രാഷ്ട്രീയ ഭരണാധികാരികളുടെ ചതുരംഗ കളിയിലെ ഒരു കരുവായി മാത്രം ഡി.ജി.പി മാറിയിരിക്കുന്നു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരികയല്ല, മറിച്ച് അവർക്ക് രക്ഷാകവചം ഒരുക്കലാണ് തങ്ങളുടെ ദൗത്യം എന്ന തെറ്റായ നിലപാടുമായി പോകുന്ന പോലീസ് ഉന്നതർ നമ്മുടെ പോലീസ് സേനയ്ക്ക് തന്നെ അപമാനമാണ്.
”ആരും നിയമത്തിന് അതീതരല്ല. നിയമം എല്ലാത്തിനും മുകളിലാണ്.”ബഹു: ഹൈക്കോടതിയുടെ ഈ സുപ്രധാനമായ നിരീക്ഷണം യാഥാർത്ഥ്യമായി ജനങ്ങൾക്കനുഭവപ്പെടട്ടെ.
നീതിക്കായുള്ള സന്യാസിനി സഹോദരിമാരുടെ ഈ ധാർമ്മിക പോരാട്ടത്തിൽ നമുക്കവരോടൊപ്പം നിൽക്കാം.
നാളെ നടക്കുന്ന കൂട്ടായ്മയിൽ നൻമക്ക് വേണ്ടി നിലകൊള്ളുന്ന ഏവരുടെയും സാന്നിധ്യം ഉണ്ടാകട്ടെ.!!