തിരുവനന്തപുരം: രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച് ലാവലിന്‍ കേസില്‍ സുപ്രീം കോടതിയെ സമീപിച്ച് വി.എം.സുധീരന്‍.
മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തമാക്കിയതിനെതിരായ കേസില്‍ കക്ഷി ചേരാനാണ് സുധീരന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ലാവലിന്‍ കേസില്‍ പിണറായി വിജയനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നും വിചാരണ ഇല്ലാതെ കുറ്റവിമുക്തമാക്കിയ നടപടി ശരിയല്ലെന്നും അപ്പീലില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തല നല്‍കണമായിരുന്ന ഹര്‍ജി അദ്ദേഹം നല്‍കാത്ത സാഹചര്യത്തിലാണ് സുധീരന്‍ തന്നെ നേരിട്ട് രംഗത്തിറങ്ങിയിരിക്കുന്നത്.
ഇത് യു.ഡി.എഫ് നേതാക്കളെ പ്രത്യേകിച്ച് കോണ്‍ഗ്രസ്സ് നേതൃത്വത്തിന് അപ്രതീക്ഷിത പ്രഹരമായി.
പിണറായിയുമായി നേരിട്ട് ഏറ്റുമുട്ടാനുള്ള ‘ധൈര്യം’ കോണ്‍ഗ്രസ്സിലെ എ ഐ വിഭാഗങ്ങള്‍ക്കില്ലാത്തതാണ് ഗ്രൂപ്പുകളെ പിന്നോട്ടടിപ്പിച്ചിരുന്നത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ പൊലീസ് നിയമന തട്ടിപ്പ് കേസില്‍ ആരോപണവിധേയനാണ് എന്നത് ചെന്നിത്തലയെ പ്രതിരോധത്തിലാക്കുന്ന പ്രധാന ഘടകമാണ്.
പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നിരവധി കേസുകളില്‍ നിയമ പോരാട്ടം നടത്തിയ വി.എസ് അച്ചുതാനന്ദന്‍ ഇരുന്ന കസേരയില്‍ വെറും ‘ഡമ്മി’യായാണ് ചെന്നത്തല ഇപ്പോള്‍ ഇരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെയും അഭിപ്രായം.
ഇടമലയാര്‍ കേസില്‍ മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയെ ജയിലിലാക്കിയത് വി എസ് സുപ്രീംകോടതി വരെ നടത്തിയ നിയമ പോരാട്ടത്തെ തുടര്‍ന്നായിരുന്നു.
രമേശ് ചെന്നിത്തലയാവട്ടെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ പ്രസ്താവനാ യുദ്ധം മാത്രമാണ് ഇപ്പോള്‍ നടത്തിവരുന്നതെന്നാണ് ആക്ഷേപം.
ഭരണത്തിലെ ഏറ്റവും കരുത്തനായ പിണറായിയെ തളക്കാന്‍ ലഭിക്കുന്ന സുവര്‍ണ്ണാവസരം എന്തുകൊണ്ട് പ്രതിപക്ഷ നേതാവ് ഉപയോഗപ്പെടുത്തുന്നില്ല എന്ന ചോദ്യം യു.ഡി.എഫ് കേന്ദ്രങ്ങളിലും സജീവമാണ്.
രാഷ്ട്രീയ കക്ഷി ഭേദമന്യേ പൊതുസമൂഹത്തില്‍ ക്ലീന്‍ ഇമേജുള്ള വി.എം സുധീരന്‍ ഒരിടവേളക്ക് ശേഷം വീണ്ടും സജീവമാകുന്നതിന്റെ സൂചനയായാണ് ഇപ്പോഴത്തെ നടപടിയെ വിലയിരുത്തപ്പെടുന്നത്.
കോണ്‍ഗ്രസ്സ് അധ്യക്ഷനായ രാഹുല്‍ ഗാന്ധിയുമായി വ്യക്തിപരമായി ഏറെ അടുപ്പം പുലര്‍ത്തുന്ന സുധീരനെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടണമെന്നതാണ് രാഹുലിന്റെ ആഗ്രഹം.
പുതിയ കെ.പി.സി.സി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായി കേരളത്തില്‍ ‘ജനഹിതം’ തേടി ഡല്‍ഹിയില്‍ നിന്നെത്തിയ ടീം രാഹുല്‍ നല്‍കിയ റിപ്പോര്‍ട്ടിലും പൊതുസ്വീകാര്യന്‍ സുധീരനാണെന്ന് വ്യക്തമാക്കിയിരുന്നു.
സോളാര്‍ കുരുക്കില്‍ നിന്ന് പുറത്തുകടക്കാന്‍ നിയമയുദ്ധം തുടങ്ങിയ ഉമ്മന്‍ ചാണ്ടിക്കും മുഖ്യമന്ത്രി കസേര സ്വപ്നം കാണുന്ന രമേശ് ചെന്നിത്തലക്കും സുധീരന്റെ പുതിയ രംഗപ്രവേശം വലിയ വെല്ലുവിളി തന്നെയാകും.
ഓഖി ദുരന്തത്തിനിടെ പടയൊരുക്കം ജാഥയുടെ സമാപനം നടത്തരുതെന്ന തന്റെ നിര്‍ദ്ദേശം അവഗണിച്ചതില്‍ പ്രതിഷേധിച്ച് സുധീരന്‍ സമാപന പൊതുയോഗം ബഹിഷ്‌ക്കരിച്ചിരുന്നു.
കൂടുതല്‍ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ട് സി.പി.എം നേതാവ് വി.എസ് അച്ചുതാനന്ദന്റെ ‘പിന്‍ഗാമി’യായി പൊതു സമൂഹത്തില്‍ പടപൊരുതാനാണ് ഇപ്പോഴത്തെ സുധീരന്റെ നീക്കം.
ലാവലിന്‍ കേസില്‍ വിചാരണ നേരിടണം എന്ന ഹൈക്കോടതി ഉത്തരവിനെതിരെ നേരത്തെ, കേസിലെ പ്രതികളായ കസ്തുരി രംഗ അയ്യരും, ആര്‍ ശിവദാസനും സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.
പിണറായി വിജയന്‍ അടക്കമുള്ള പ്രതികളെ കേസില്‍ കുറ്റവിമുക്തമാക്കിയതിനെതിരെ സിബിയും ഇന്നലെ അപ്പീല്‍ ഫയല്‍ ചെയ്തിരുന്നു. ജനുവരി 12 നാണ് ലാവലിന്‍ കേസ് ഇനി സുപ്രീം കോടതി പരിഗണിക്കുക.