തിരുവനന്തപുരം: കോണ്‍ഗ്രസില്‍ വയനാട് സീറ്റിനെ ചൊല്ലി നടക്കുന്ന തര്‍ക്കത്തില്‍ രൂക്ഷവിമര്‍ശനവുമായി കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍ രംഗത്ത്. ജനങ്ങളുടെ മനസ് മടുപ്പിക്കുന്ന തരത്തിലാണ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ നടക്കുന്നതെന്ന് സുധീരന്‍ തുറന്നടിച്ചു.
ഗ്രൂപ്പ് താത്പര്യവും കടുംപിടുത്തവും മാറ്റി വെയ്ക്കുന്നതിന് നേതാക്കള്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസിന്റെ ഏറ്റവും അനുകൂലമായ അവസരം പാഴാക്കരുതെന്നും താന്‍ മല്‍സരിക്കേണ്ടെന്ന് 2009ല്‍ തന്നെ തീരുമാനിച്ചതാണെന്നും അന്ന് താന്‍ മത്സര രംഗത്തു നിന്ന് മാറിയതുകൊണ്ടാണ് കെ.സി. വേണുഗോപാല്‍ അടക്കമുള്ളവര്‍ക്ക് അവസരം കിട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം വൈകിട്ട് ഉണ്ടാവുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനമായിട്ടുണ്ട്. രണ്ടു സീറ്റുകള്‍ക്കായുള്ള തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടിരിക്കുകയാണ്. വടകര, വയനാട് സീറ്റുകളിലാണ് ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുന്നത്.
വയനാട് ടി. സിദ്ദിഖിന് നല്‍കണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. തര്‍ക്കമൊന്നും നിലവിലില്ലെന്നും തിങ്കളാഴ്ച തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസവും അറിയിച്ചിരുന്നു.
ഞായറാഴ്ച രാവിലെ രമേശ് ചെന്നിത്തല മുല്ലപ്പള്ളിയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല.
അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തര്‍ക്ക സീറ്റുകള്‍ക്ക് വേണ്ടി നടത്തിയ ചര്‍ച്ചയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അതൃപ്തി രേഖപ്പെടുത്തി. ചര്‍ച്ച പൂര്‍ത്തിയാക്കാതെ ചെന്നിത്തല കേരളത്തിലേയ്ക്ക് മടങ്ങി.