തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി വി.എം സുധീരന്‍.
സര്‍ക്കാര്‍ മാര്‍ക്‌സിസത്തെ മുതലാളിത്തത്തിനു മുന്നില്‍ അടിയറ വയ്ക്കുന്നുവെന്ന് സുധീരന്‍ കുറ്റപ്പെടുത്തി.
കമ്മ്യൂണിസം കൈവിട്ട് കോര്‍പറേറ്റിസത്തിന്റെയും മുതലാളിത്തത്തിന്റെയും നടത്തിപ്പുകാരായി പിണറായി സര്‍ക്കാര്‍ മാറിയിരിക്കുന്നുവെന്നും വി.എം സുധീരന്‍ ചൂണ്ടിക്കാട്ടി.
ബി.ജെ.പി. സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളോട് കാണിക്കുന്ന അതേ പ്രീണന നയമാണ് സംസ്ഥാന മുഖ്യമന്ത്രിയും പിന്തുടരുന്നതെന്നും, കുത്തകകളെ ശക്തിപ്പെടുത്തുകയും സാധാരണക്കാരായ ജനങ്ങളെ ദുര്‍ബലരാക്കുകയും ചെയ്യുന്ന ബി.ജെ.പി. സര്‍ക്കാരിനെ ശക്തമായി എതിര്‍ക്കുന്ന സി.പി.എം കേന്ദ്രനേതൃത്വത്തിന്റെ നിലപാടുകള്‍ക്കു വിരുദ്ധമാണ് മുഖ്യമന്ത്രിയുടെ സമീപനമെന്നും സുധീരന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ തുറന്നടിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
മാര്‍ക്‌സിസത്തെ മുതലാളിത്തത്തിനു മുന്നില്‍ അടിയറ വയ്ക്കുന്നു.
ദേശീയരാഷ്ട്രീയത്തിലും സാമൂഹ്യസാമ്പത്തിക നീതി കൈവരിക്കുന്നതിലും ഇടതുപക്ഷത്തിന് വലിയ പങ്ക് നിര്‍വഹിക്കാനുണ്ട് എന്ന് കരുതുന്നവരിലും പ്രതീക്ഷിക്കുന്നവരിലും നിരാശയും പ്രതിഷേധവും ഉയര്‍ത്തുന്ന നടപടികളാണ് കേരളത്തിലെ സര്‍ക്കാരും അതിനെ നയിക്കുന്ന സി.പി.എം. നേതൃത്വവും അനുവര്‍ത്തിച്ചു വരുന്നത്.
മോഡി സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് പ്രീണന നയങ്ങളെയും നടപടികളെയും എതിര്‍ക്കുന്ന സിപിഎം കേന്ദ്രനേതൃത്വത്തിനും ആത്മാര്‍ത്ഥതയുള്ള ഇടതുപക്ഷക്കാര്‍ക്കും ഒരു നിലയ്ക്കും ന്യായീകരിക്കാന്‍ കഴിയാത്ത മുതലാളിത്തപക്ഷ നിലപാടുകളാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും നടപ്പിലാക്കുന്നത്.
കമ്യൂണിസം കൈവിട്ട് കോര്‍പറേറ്റിസത്തിന്റെയും മുതലാളിത്തത്തിന്റെയും നടത്തിപ്പുകാരായി അവര്‍ മാറിയിരിക്കുന്നു. സംസ്ഥാനസര്‍ക്കാരിന്റെ നയങ്ങളും നടപടികളും വിലയിരുത്തുന്നവര്‍ക്കെല്ലാം ഗുരുതരമായ ഈ നയവ്യതിയാനം തിരിച്ചറിയാനാകും.
പാവങ്ങള്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ കേരളത്തിന്റെ അമൂല്യ പൈതൃകസ്വത്തായ കോവളം കൊട്ടാരവും അനുബന്ധ ഭൂമിയും സ്വകാര്യ ഗ്രൂപ്പിന് അടിയറവെച്ച അതിവിചിത്രമായ നടപടി ജനാധിപത്യ ഭരണകൂടങ്ങള്‍ക്കെല്ലാം തീരാകളങ്കമാണ് വരുത്തിവച്ചിട്ടുള്ളത്. ഇന്ത്യയിലെ പ്രമുഖ നിയമജ്ഞരുമായി ആവശ്യമായ ആലോചനകള്‍ നടത്താതെ സ്വകാര്യ താല്‍പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന അറ്റോര്‍ണി ജനറലിന്റെയും അഡ്വക്കേറ്റ് ജനറലിന്റെയും ഉപദേശം മാത്രം ഉള്‍ക്കൊണ്ട് സ്വകാര്യ ഗ്രൂപ്പ് താല്പര്യങ്ങളുടെ സംരക്ഷകരായി മാറിയ സര്‍ക്കാരിന്റെ നടപടി ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്കാരന് ഉള്‍കൊള്ളാനാകുമോ..?
വന്‍കിട കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ ഉറപ്പ് നല്‍കിയ മുഖ്യമന്ത്രിയുടെ തനിനിറം പുറത്താകുന്ന നടപടിയാണ് പിന്നീട് കേരളം കണ്ടത്. നിയമങ്ങളെ വെല്ലുവിളിച്ച് ഭൂമി കൈയ്യേറ്റം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച യുവ ഐ.എ.എസ് ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമനെയും അദീലാ അബ്ദുള്ളയെയും തല്‍സ്ഥാനത്തു നിന്നും മാറ്റിയ സര്‍ക്കാര്‍ കൈയേറ്റക്കാരോടുള്ള കൂറ് തെളിയിച്ചു.
ഹാരിസണ്‍, ടാറ്റ തുടങ്ങിയ വന്‍കിട കയ്യേറ്റക്കാര്‍ക്കെതിരെ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതില്‍ നിഷ്‌ക്രിയ സമീപനമാണ് സര്‍ക്കാരിനുള്ളത്. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വന്നിരുന്ന നിലപാടുകള്‍ക്കും ഹൈക്കോടതിയില്‍ നേരത്തെ സമര്‍പ്പിച്ചിട്ടുള്ള സത്യവാങ്മൂലങ്ങള്‍ക്കും വിരുദ്ധമായി നിയമവകുപ്പ് സെക്രട്ടറി തന്റെ റിപ്പോര്‍ട്ടിലൂടെ കരുക്കള്‍ നീക്കിയതിന്റെ പിന്നിലുള്ള മുഖ്യമന്ത്രിയുടേയും സി.പി.എമ്മിന്റെയും നിക്ഷിപ്ത താല്‍പര്യം ആര്‍ക്കും മനസിലാക്കാവുന്നതാണ്.
വിദ്യാര്‍ത്ഥി താല്‍പര്യം ബലികഴിച്ച് സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജുമെന്റുകളുടെ താല്‍പര്യ സംരക്ഷണത്തിനായി സുപ്രീം കോടതിയില്‍ വേണ്ടപോലെ വസ്തുതകള്‍ സര്‍ക്കാര്‍ അവതരിപ്പിച്ചില്ലെന്നത് വ്യാപകമായി പ്രതിഷേധത്തിനിടവരുത്തിയതാണ്.
മദ്യമുതലാളിമാര്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത സര്‍ക്കാരാണെന്ന് ജനദ്രോഹ മദ്യനയത്തിലൂടെയും നടപടികളിലൂടെയും തെളിയിച്ചു. നാട് നശിച്ചാലും മദ്യമുതലാളിമാര്‍ നന്നാകട്ടെ എന്നതാണ് സര്‍ക്കാര്‍ നയമെന്ന് ആവര്‍ത്തിച്ചുറപ്പിച്ചു. ജനതാല്‍പര്യത്തേക്കാള്‍ മദ്യമുതലാളിമാരുടെ താല്‍പര്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയത്.
ഗതാഗത മന്ത്രി തോമസ് ചാണ്ടി നടത്തിയ നിയമവിരുദ്ധമായ നടപടികള്‍ മാധ്യമങ്ങള്‍ തെളിവ് സഹിതം പുറത്തു കൊണ്ടുവന്നിട്ടും ജില്ലാ കളക്ടര്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ അതെല്ലാം സ്ഥിരീകരിച്ചിട്ടും മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കാനുള്ള വ്യഗ്രതയാണ് മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും കാണിക്കുന്നത്. സി.പി.എം നേതാവ് കൂടിയായ മന്ത്രി ഇ.പി. ജയരാജനെതിരെയും മന്ത്രി എ.കെ. ശശീന്ദ്രനെതിരെയും ആക്ഷേപം ഉയര്‍ന്നപ്പോള്‍ തന്നെ ധാര്‍മ്മികതയുടെ പേരില്‍ കയ്യോടെ അവരെ രാജിവെപ്പിച്ച മുഖ്യമന്ത്രി, തോമസ് ചാണ്ടിയുടെ കാര്യത്തില്‍ പ്രകടിപ്പിക്കുന്ന വ്യത്യസ്ത സമീപനം അത്ഭുതത്തോടെയാണ് ജനങ്ങള്‍ നോക്കിക്കാണുന്നത്.
ആക്ഷേപങ്ങള്‍ ശരിവയ്ക്കുന്ന ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയപ്പോഴെങ്കിലും മന്ത്രി ചാണ്ടിയെ പുറത്താക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് സമീപനം ന്യായീകരിക്കാന്‍ സത്യസന്ധമായി പ്രശ്‌നത്തെ വിലയിരുത്തുന്ന ആര്‍ക്കുമാവില്ല.
ഹൈക്കോടതിയില്‍ തോമസ് ചാണ്ടിക്കെതിരെ വന്നിട്ടുള്ള കേസ് ആര് കൈകാര്യം ചെയ്യണമെന്നുള്ളത് രൂക്ഷമായ തര്‍ക്കവിഷയമായി മാറിയിരിക്കുന്നു. റവന്യൂ മന്ത്രിഅഡ്വ. ജനറല്‍ വാദപ്രതിവാദത്തിന് കേരളം സാക്ഷിയായിരിക്കുകയാണ്. എ.ജിയെ മുന്‍ നിര്‍ത്തി റവന്യൂ മന്ത്രിക്കെതിരെ മുഖ്യമന്ത്രി നടത്തുന്ന നിഴല്‍ യുദ്ധത്തിന്റെ ഭാഗമായി മാത്രമേ ഇതിനെ കാണാനാകൂ. ഈ അധികാരതര്‍ക്കത്തില്‍ പെട്ട് ചാണ്ടിക്കെതിരെയുള്ള കേസ് നടത്തിപ്പില്‍ വീഴ്ച വന്നാല്‍ മുഖ്യമന്ത്രിക്ക് തന്നെയായിരിക്കും അതിന്റെ ഉത്തരവാദിത്വം. ഇപ്പോഴത്തെ പോലെ പരസ്യമായ ഒരു തര്‍ക്കത്തിലേക്ക് അഡ്വ. ജനറല്‍ പോകാന്‍ പാടില്ലായിരുന്നു.
ഉന്നതമായ ഭരണഘടനാപദവിക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങളാണ്അഡ്വക്കേറ്റ് ജനറലില്‍ നിന്നും ഉണ്ടാകുന്നതെന്ന് പറയാതെ വയ്യ.
മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും മന്ത്രി തോമസ് ചാണ്ടിയെ ഭയപ്പെടുന്നു എന്ന തോന്നലാണ് ജനങ്ങള്‍ക്ക് ഉണ്ടായിട്ടുള്ളത്.
ജനമനസ്സിലും നിയമത്തിന്റെ മുന്നിലും പ്രതിസ്ഥാനത്ത് നില്‍ക്കുന്ന തോമസ് ചാണ്ടിയെ തൊടാന്‍ എന്തുകൊണ്ട് മുഖ്യമന്ത്രിയും സി.പി.എം. നേതൃത്വവും ഭയക്കുന്നു ?
മന്ത്രിസ്ഥാനത്തു നിന്ന് മാറി നില്‍ക്കാന്‍ ചാണ്ടിയോട് പറയാനുള്ള ധാര്‍മ്മികമായ കരുത്ത് മുഖ്യമന്ത്രിക്കും സി.പി.എം. നേതൃത്വത്തിനും നഷ്ടപ്പെട്ടത് രാഷ്ട്രീയ ബന്ധത്തിന്റെ പേരിലാവില്ല; മറിച്ച് വഴിവിട്ട സാമ്പത്തിക ബന്ധത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല. നിയമലംഘകര്‍ക്ക് മുന്നില്‍ മുഖ്യമന്ത്രിയും സി.പി.എം. നേതൃത്വവും വിറങ്ങലിച്ചു നില്‍ക്കുന്ന മറ്റൊരു കാര്യമാണ് പി.വി. അന്‍വര്‍ എം.എല്‍.എയുമായി ബന്ധപ്പെട്ടത്.
കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള കുണ്ടറ അലിന്‍ഡ് സര്‍ക്കാര്‍ ഏറ്റെടുത്ത് പ്രവര്‍ത്തനക്ഷമമാക്കി തൊഴിലാളികളുടെയും സംസ്ഥാനത്തിന്റെയും താല്പര്യം സംരക്ഷിക്കുന്നതിന് പകരം സ്വകാര്യ കുത്തകയായ സോമാനി ഗ്രൂപ്പിന് ഏല്പിച്ചുകൊടുക്കുന്നതിന് ഗൂഢശ്രമങ്ങള്‍ നടത്തുന്നതും സര്‍ക്കാരിന്റെ മുതലാളിത്ത പക്ഷപാതം വ്യക്തമാക്കുന്നതാണ്.
ജനജാഗ്രത യാത്രയില്‍ കള്ളക്കടത്ത് കേസിലെ പ്രതിയുടെ വാഹനത്തില്‍ യാത്ര ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നടപടി വ്യാപകമായ വിമര്‍ശനത്തിന് ഇടവരുത്തിയിരിക്കുകയാണ്. സ്ഥാപിത താല്പര്യക്കാരും കുറ്റവാളികളുമായി സഹകരിക്കുകയും അവരുടെ താത്പര്യസംരക്ഷകരായി മാറുകയും ചെയ്യുന്ന സിപിഎം നേതൃത്വത്തിന്റെ നടപടി പാര്‍ട്ടിയുടെ പഴയ തലമുറ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളില്‍ നിന്നുള്ള വ്യതിചലനവും രാഷ്ട്രീയ അപചയവുമാണ് വ്യക്തമാക്കുന്നത്.
എറണാകുളം ജില്ലയിലെ സിറ്റി ഗ്യാസ് പ്രോജക്ടിനായി പൈപ്പ് ഇടുന്നതിന് ബി.എം.ബി.സി നിലവാരത്തിലുള്ള റോഡ് വെട്ടിപ്പോളിക്കുന്നതിന് ഒരു എം സ്‌ക്വയറിന് 3686 രൂപ മാത്രം ഇന്ത്യന്‍ ഓയില്‍അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും ഈടാക്കിയാല്‍ മതിയെന്ന സര്‍ക്കാര്‍ ഉത്തരവ് വ്യക്തമാക്കുന്നത് അദാനിക്ക് ഈ സര്‍ക്കാരിലുള്ള അമിത സ്വാധീനം തന്നെയാണ്. മറ്റു വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും 5430 രൂപ നിരക്കില്‍ വസൂലാക്കുമ്പോഴാണ് അദാനിയുടെ സംരംഭത്തിന് വന്‍ ഇളവ് നല്‍കി സര്‍ക്കാര്‍ ഉത്തരവിട്ടത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധികാരം കവര്‍ന്നെടുത്തുകൊണ്ടാണ് സര്‍ക്കാരിന്റെ ഈ കുത്തക പ്രീണനം എന്നത് ശ്രദ്ധേയമാണ്.
ചുരുക്കത്തില്‍ ബി.ജെ.പി. സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളോട് കാണിക്കുന്ന അതേ പ്രീണന നയമാണ് സംസ്ഥാന മുഖ്യമന്ത്രിയും പിന്തുടരുന്നത്. കുത്തകളെ ശക്തിപ്പെടുത്തുകയും സാധാരണക്കാരായ ജനങ്ങളെ ദുര്‍ബലരാക്കുകയും ചെയ്യുന്ന ബി.ജെ.പി. സര്‍ക്കാരിനെ ശക്തമായി എതിര്‍ക്കുന്ന സി.പി.എം കേന്ദ്രനേതൃത്വത്തിന്റെ നിലപാടുകള്‍ക്കു വിരുദ്ധമാണ് മുഖ്യമന്ത്രിയുടെ ഈ നയസമീപനം.
വിഖ്യാത കൃതിയായ ‘മൂലധന’ത്തിന്റെ 150ആം വാര്‍ഷികത്തോടനുബന്ധിച്ച് ചിന്ത പബ്ലിക്കേഷന്‍ തിരുവനന്തപുരത്ത് നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി നടത്തിയ പ്രസംഗം ഇങ്ങനെയാണ്.
മനുഷ്യപക്ഷ നിലപാടുള്ള മാര്‍ക്‌സിയന്‍ ചിന്തകളെ പരിമിതിക്കുള്ളില്‍ നിന്ന് കഴിയുന്നത്ര പിന്‍പറ്റുന്ന സമീപനമാണ് ഇടതു സര്‍ക്കാരിനുള്ളത്.’
മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയ്ക്ക് എത്രയോ വിരുദ്ധമാണ് അദ്ദേഹത്തിന്റേയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍. അക്ഷരാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയും കൂട്ടരും നടപ്പിലാക്കുന്നത് മാര്‍ക്‌സിയന്‍ ചിന്തകളെ പിന്‍പറ്റുന്ന സമീപനമല്ല, മറിച്ച് മാര്‍ക്‌സിയന്‍ ചിന്തകളെ മുതലാളിത്തത്തിനു മുന്നില്‍ അടിയറ വെക്കുന്ന സമീപനമാണ്.
ജനതാല്‍പര്യത്തിനു വിരുദ്ധമായി മുതലാളിത്ത താല്‍പര്യത്തിന്റെ സംരക്ഷകരായി മാറിയ മുഖ്യമന്ത്രിയേയും കേരളത്തിലെ സി.പി.എം. നേതൃത്വത്തെയും തിരുത്താനും നേര്‍വഴിക്ക് കൊണ്ടുവരാനും സി.പി.എം കേന്ദ്ര നേതൃത്വത്തിനാകുമോ..