vodafone confirms talks on merger with idea

ന്യൂഡല്‍ഹി: ടെലികോം രംഗത്ത് പുതിയ വിപ്ലവത്തിന് വഴിയൊരുക്കി മുന്‍നിര ടെലികോം സേവനദാതാക്കളായ ഐഡിയയും വോഡഫോണും ലയിക്കുന്നു. ഇതിനായി ആദിത്യ ബിര്‍ളാ ഗ്രൂപ്പുമായി ചര്‍ച്ചകള്‍ നടന്നു വരികയാണെന്ന് വോഡഫോണ്‍ ഗ്രൂപ്പ് പറഞ്ഞു.

ലയനം സാധ്യമായാല്‍ ഉപഭോക്താക്കളുടെ എണ്ണം 39 കോടിയോളമാകും. അതായത് രാജ്യത്തെ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുളള എയര്‍ടെല്ലിനെ (27 കോടി) പിന്നിലാക്കാന്‍ ലയനം കൊണ്ടു സാധിക്കും.

ആറ് മാസമായി രാജ്യത്ത് സൗജന്യ സേവനം ലഭ്യമാക്കി ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍വര്‍ധന നേടിയ റിലയന്‍സ് ജിയോയ്ക്കായിരിക്കും ഈ ലയനം വലിയ വെല്ലുവിളിയാകുക. നിലവില്‍ ജിയോക്ക് 7.2കോടി വരിക്കാരാണുള്ളത്.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലികോം സേവനദാതാക്കളായ എയര്‍ടെല്ലിനും ഈ ലയനം വന്‍തിരിച്ചടി തന്നെയായിരിക്കും. നിലവില്‍ 24 ശതമാനം വിപണി വിഹിതത്തോടെ എയര്‍ടെലാണ് രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ കമ്പനി.

19 ശതമാനം വിപണി വിഹിതമുള്ള വോഡാഫോണും 17 ശതമാനം വിപണി വിഹിതമുള്ള ഐഡിയയും ലയിക്കുന്നതോടെ പുതിയ കൂട്ടുകെട്ടായിരിക്കും രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ സേവന ദാതാക്കള്‍.

സൗജന്യ ഓഫറുകളുമായി പ്രവര്‍ത്തനം തുടങ്ങിയ റിലയന്‍സ് ജിയോയിലേക്ക് ഉപഭോക്താക്കാള്‍ മാറിയതോടെ മറ്റ് മൊബൈല്‍ ഫോണ്‍ സേവനദാതാക്കളെല്ലാം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഒറ്റക്ക് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോകാനാകില്ലെന്നുറപ്പായതോടെയാണ് വോഡാഫോണ്‍ ലയനത്തിന് ഒരുങ്ങാന്‍ തീരുമാനിച്ചത്.

1.74 ലക്ഷം കോടി രൂപ മൂല്യം വരുന്നതാണ് ഇന്ത്യന്‍ ടെലികോം വിപണി.

Top