ന്യൂഡല്‍ഹി: ടെലികോം രംഗത്തെ പ്രധാന കമ്പനിയായ വൊഡഫോണ്‍ ഐഡിയയുടെ നഷ്ടത്തില്‍ വര്‍ധന. 2021 ഡിസംബറില്‍ അവസാനിച്ച പാദവാര്‍ഷികത്തില്‍ 7230.9 കോടിയാണ് കമ്പനിയുടെ നഷ്ടം. കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് 4532.1 കോടിയായിരുന്നു നഷ്ടം.
കമ്പനിയുടെ വരുമാനം 10.80 ശതമാനം ഇടിഞ്ഞു. മുന്‍വര്‍ഷത്തെ 10894 കോടിയെ അപേക്ഷിച്ച് 9717 കോടി രൂപയാണ് കമ്പനിയുടെ ഇക്കഴിഞ്ഞ പാദത്തിലെ വരുമാനം. ഉപഭോക്താക്കളില്‍ നിന്നുള്ള ശരാശരി വരുമാനം ഇക്കഴിഞ്ഞ പാദവാര്‍ഷികത്തില്‍ 115 രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് 109 രൂപയായിരുന്നു ഈ വരുമാനം.
ജൂലായ് സെപ്തംബര്‍ പാദവാര്‍ഷികത്തിലെ നഷ്ടക്കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വ്യത്യാസം സെപ്തംബറിലും കാണാനില്ല. അതേസമയം കമ്പനിക്ക് 3.3 ശതമാനം വളര്‍ച്ച നേടാനായിട്ടുണ്ട്. നവംബര്‍ 25 ന് ശേഷം വന്ന താരിഫ് വര്‍ധനവാണ് ഇതിന് കാരണം.
കമ്പനിയുടെ 2021 ഡിസംബര്‍ 31 ലെ കണക്ക് പ്രകാരം ആകെ കടബാധ്യത 198980 കോടി രൂപയാണ്. ഇതില്‍ സ്‌പെക്ട്രം ഇനത്തില്‍ നല്‍കാനുള്ള തുക 111300 കോടി രൂപയാണ്. എജിആര്‍ കുടിശികയായി 64620 കോടിയും നല്‍കാനുണ്ട്. ബാങ്കുകളില്‍ നിന്നെടുത്ത വായ്പ 23060 കോടിയാണ്.