പൊലീസിനേക്കാള്‍ അംഗബലമുണ്ടെങ്കില്‍ ഹര്‍ത്താല്‍ നടത്താം; അഡ്മിന്‍മാരുടെ ശബ്ദസന്ദേശം പുറത്ത്‌

മലപ്പുറം: പോലീസിനേക്കാള്‍ അംഗബലം നമുക്കുണ്ടെങ്കില്‍ എവിടേയും സമരം നടത്താമെന്ന് വാട്‌സ്ആപ്പ് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ഗ്രൂപ്പ് അഡ്മിന്‍മാര്‍. ഈ ശബ്ദ സന്ദേശം പോലീസ് കണ്ടെടുത്തു. കൊല്ലം ഉഴുകുന്ന് അമരാലയം വീട്ടില്‍ അമര്‍നാഥ് ബൈജു (20)വാണ് ഹര്‍ത്താല്‍ എന്ന ആശയം മുന്നോട്ട് വെച്ചത്. അറസ്റ്റിലായ അഞ്ച് പേരില്‍ ഒരാളാണ് അമര്‍നാഥ്.

സാമൂഹിക മാധ്യമങ്ങളിലൂടെ ആഹ്വാനംചെയ്ത് കഴിഞ്ഞ ഏപ്രില്‍ പതിനാറിനാണ് ഹര്‍ത്താല്‍ നടത്തിയത്. നെല്ലിവിള പുത്തന്‍വീട്ടില്‍ സുധീഷ് (22), നെയ്യാറ്റിന്‍കര ശ്രീലകം വീട്ടില്‍ ഗോകുല്‍ ശേഖര്‍(21), നെല്ലിവിള കുന്നുവിളവീട്ടില്‍ അഖില്‍(23), തിരുവനന്തപുരം കുന്നപ്പുഴ സിറില്‍ നിവാസില്‍ എം.ജെ. സിറില്‍ എന്നിവരേയും പോലീസ് അറസ്റ്റു ചെയ്തു. ഹര്‍ത്താലിന് ആഹ്വാനം നല്‍കി ആദ്യ സന്ദേശം അയച്ചത് ഇവരാണ്.

ഹര്‍ത്താലിനു ശേഷ കലാപം നടത്താനും ഇവര്‍ ആഹ്വാനം ചെയ്തു. പോലീസിനെക്കാള്‍ അംഗബലം നമുക്കുണ്ടെങ്കില്‍ എവിടെയും സമരം നടത്താമെന്നും പ്രവര്‍ത്തനം രണ്ടു മേഖലകളായി തിരിച്ചാല്‍ സുഗമമാക്കാം എന്നുമുള്ള അഡ്മിന്മാരുടെ ശബ്ദസന്ദേശം ഗ്രൂപ്പിലുണ്ട്. ഇപ്പോള്‍ മലബാറില്‍ മാത്രമാണ് സമരം വിജയിച്ചത്. ഇത് മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനായിരുന്നു നീക്കം.

കത്വയില്‍ എട്ടുവയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ടപ്പോള്‍ അതിനെതിരേ പ്രതിഷേധിക്കാനുള്ള തീരുമാനമാണ് ഹര്‍ത്താലില്‍ കലാശിച്ചത്. ആദ്യഘട്ടമെന്നോണം അഞ്ചുപേരും വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി. ലിങ്ക് ഫെയ്‌സ്ബുക്കില്‍ ഇട്ടു. സമാനമായി ചിന്തിക്കുന്നവര്‍ക്ക് ഗ്രൂപ്പില്‍ ചേരാമെന്ന് നിര്‍ദേശവും നല്‍കി. വോയ്‌സ് ഓഫ് യൂത്ത്, ജസ്റ്റിസ് ഫോര്‍ സിസ്റ്റേഴ്‌സ് എന്നീ പേരിലുള്ള ഗ്രൂപ്പുകളായിരുന്നു അത്. ആളുകളുടെ എണ്ണം കൂടിയപ്പോള്‍ സജീവമായവരോട് ജില്ലാതലത്തില്‍ ഗ്രൂപ്പുണ്ടാക്കാന്‍ നിര്‍ദേശം നല്‍കി.

ഈ ഗ്രൂപ്പുകളിലൂടെയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. ഹര്‍ത്താലിന് 48 മണിക്കൂര്‍ മുന്‍പാണ് തീരുമാനമെടുത്തത്.

കഴിഞ്ഞദിവസം തിരൂര്‍ കൂട്ടായിയില്‍നിന്ന്, മലപ്പുറത്തുള്ള വോയ്‌സ് ഓഫ് യൂത്ത് ഗ്രൂപ്പിന്റെ അഡ്മിനായ പത്താംക്ലാസുകാരനെ പോലീസ് പിടികൂടിയിരുന്നു. അമര്‍നാഥാണ് സംഘത്തലവനെന്ന് പോലീസ് പറഞ്ഞു. ആര്‍.എസ്.എസ്. പ്രവര്‍ത്തകനായിരുന്ന ഇയാളെ മൂന്നുമാസം മുന്പാണ് സംഘടനയില്‍നിന്ന് പുറത്താക്കിയത്. അന്നുമുതല്‍ ആര്‍.എസ്.എസിനെതിരേ പ്രചാരണം നടത്തിവരികയാണ് ഇയാള്‍.

സ്വന്തം പ്രൊഫൈലുകള്‍ ഉപയോഗിച്ചുതന്നെയാണ് ഇവര്‍ ഗ്രൂപ്പുണ്ടാക്കിയത്. അത് അന്വേഷണത്തിന് സഹായകരമായി.

കലാപമുണ്ടാക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, ലഹള കൂട്ടല്‍, ഗതാഗത തടസ്സം, കത്വയില്‍ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചതിന് കുട്ടികളുടെ നേരെയുള്ള അതിക്രമം തടയല്‍ നിയമലംഘനം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അഞ്ചുമുതല്‍ പത്തുവരെ വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.

Top