ഗോമ: കോംഗോയില്‍ അഗ്‌നിപര്‍വതം സ്‌ഫോടനം. അഗ്‌നിപര്‍വത സ്‌ഫോടനത്തിനു പിന്നാലെ ആയിരക്കണക്കിന് ആളുകള്‍ അതിര്‍ത്തിയിലേക്ക് പാലായനം ചെയ്തു. ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ മൗണ്ട് നൈരാഗോംഗോ അഗ്‌നിപര്‍വതമാണ് രണ്ട് പതിറ്റാണ്ടിനിടയില്‍ ആദ്യമായി പൊട്ടിത്തെറിച്ചത്. കിഴക്കന്‍ നഗരമായ ഗോമയിലേക്ക് കുന്നിന്‍ മുകളിലൂടെ ലാവ ഇരച്ചെത്താന്‍ തുടങ്ങിയതോടെയാണ് ആയിരക്കണക്കിന് ആളുകള്‍ പ്രാണരക്ഷാര്‍ഥം പാലായനം ചെയ്തത്.
ശനിയാഴ്ച രാത്രിയാണ് അതി തീവ്രമായ അഗ്‌നിപര്‍വ്വത സ്‌ഫോടനം നടന്നത്. കോംഗോയിലെ പ്രധാനപ്പെട്ട നഗരമായ ഗോമയില്‍ 20 ലക്ഷത്തോളം ആളുകളാണ് താമസിക്കുന്നത്. ഗോമയിലെ വിമാനത്താവളത്തിലേക്ക് ഉള്‍പ്പെടെ ലാവ എത്തിയതായി അധികൃതര്‍ അറിയിച്ചു. നഗരത്തിന്റെ ഒരു ഭാഗം ലാവാ ഇതിനോടകം വിഴുങ്ങി. ഇതോടെയാണ് ജനങ്ങള്‍ കൂട്ടത്തോടെ അയല്‍ രാജ്യമായ റുവാണ്ടയിലേക്ക് പലായനം ചെയ്യുകയാണ്.
8,000 പേര്‍ക്ക് അഭയം നല്‍കിയതായി റുവാണ്ട അധികൃതര്‍ വ്യക്തമാക്കി. 2002 ലാണ് നൈരാഗോംഗോ അവസാനമായി പൊട്ടിത്തെറിച്ചത്. അന്ന് 250 പേര്‍ കൊല്ലപ്പെടുകയും 120,000 പേര്‍ ഇതുമൂലം ഭവനരഹിതരാക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും സജീവമായ അഗ്‌നിപര്‍വ്വതങ്ങളില്‍ ഒന്നായ ഇത് ഏറ്റവും അപകടകരമായ ഒന്നായി കണക്കാക്കപ്പെടുന്നു.