കാനറി സ്പാനിഷ് ദ്വീപുകളിലെ ലാ പാല്‍മയിലെ കുംബ്രെ ബിയേഹ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ച് വന്‍ നാശനഷ്ടം. ശക്തമായ ലാവാ പ്രവാഹത്തെ തുടര്‍ന്ന് നൂറുകണക്കിന് വീടുകളാണ് അഗ്‌നിക്കിരയായത്. 6000 പേര്‍ക്ക് പ്രദേശത്ത് നിന്നു മാറിപ്പോകേണ്ടി വന്നു.
അഗ്‌നിപര്‍വ്വത സ്‌ഫോടനം ഉണ്ടായതിന് പിന്നാലെ നാല് ഭൂചലനങ്ങളാണ് പ്രദേശത്തുണ്ടായത്.
ലാവാപ്രവാഹം വലിയ സ്‌ഫോടനങ്ങള്‍ക്കിടയാക്കുമെന്നും അത് കടലില്‍ ചെന്ന് പതിക്കുന്നതോടെ വിഷവാതകം വ്യാപിക്കാനിടയുണ്ടെന്നും അധികൃതര്‍ പറയുന്നു.
ലാവാ പ്രവാഹത്തിന്റെ 3.7 കിലോമീറ്റര്‍ പരിധിയില്‍ അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നൂറിലേറെ ഹെക്ടര്‍ പ്രദേശത്തേക്ക് ലാവ ഇതിനോടകം വ്യാപിച്ചുകഴിഞ്ഞു.
ഇതിന് മുമ്പ് 1949 ലും 1971 ലുമാണ് ലാ പാല്‍മയില്‍ അഗ്‌നിപര്‍വത സ്‌ഫോടനമുണ്ടായത്. അതായത് കൃത്യം 50 വര്‍ഷത്തിന് ശേഷമാണ് ഇവിടം വീണ്ടും ലാവാ പ്രവാഹമുണ്ടാവുന്നത്.
പര്‍വതം സ്ഥിതി ചെയ്യുന്ന ലാ പാല്‍മ ദ്വീപിന്റെ ദക്ഷിണ മേഖലയില്‍ ഏകദേശം 80000 ആളുകള്‍ താമസിക്കുന്നുണ്ട്. 50 വര്‍ഷത്തിന് ശേഷമുള്ള സ്‌ഫോടനമായതിനാല്‍ തന്നെ ഏത്രനാള്‍ ലാവാ പ്രവാഹം നീണ്ടുനില്‍ക്കുമെന്ന് കണക്കാക്കാന്‍ സാധിച്ചിട്ടില്ല.
മുമ്പുണ്ടായ ലാവാ പ്രവാഹം 24 മുതല്‍ 84 ദിവസം വരെയാണ് നീണ്ടുനിന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം അഗ്‌നിപര്‍വതസ്‌ഫോടനത്തിന്റെ ഭാഗമായി അന്തരീക്ഷത്തില്‍ സള്‍ഫര്‍ ഡയോക്‌സൈഡ് വ്യാപിക്കുന്നുണ്ട്. ഇത് ഓക്‌സിജനുമായും അന്തരീക്ഷ ഈര്‍പ്പവുമായും കലര്‍ന്ന് അമ്ലമഴയ്ക്കിടയാക്കുമെന്നും വിദഗ്ദര്‍ പറയുന്നു.
🔥 house reached by the lava of the volcano of La Palma in the Canary Islands 🔥 @lapalma #lapalma pic.twitter.com/e1qihc69T0
— @ezequieleg968 (@ezequieleg968) September 19, 2021
ലാവ കടലില്‍ വീഴുന്നതിന്റെ ഭാഗമായുണ്ടാകുന്ന വിഷവാതക പ്രവാഹവും സമീപവാസികളെ അപകടത്തിലാക്കും. ലാവാ പ്രവാഹം നിലച്ചാലും പ്രദേശത്തെ ജനജീവിതം സാധാരണഗതിയിലാകാന്‍ ഏറെ നാളെടുക്കുമെന്നാണ് കരുതുന്നത്.