സെന്റ് വിൻസന്റിൽ വൻ അഗ്നിപർവത സ്ഫോടനം; ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കിംഗ്സ് ടൗണ്‍: കരീബിയൻ ദ്വീപായ സെന്റ് വിൻസന്റിൽ വൻ അഗ്നിപർവത സ്ഫോടനം. ആറ് കിലോമീറ്ററോളം ഉയരത്തിലാണ് പുകപടലങ്ങൾ ഉയർന്നത്. പതിനാറായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. ദശാബ്ദങ്ങളോളം നിർജീവമായി കിടന്ന അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. 1979ലാണ് ഇതിനുമുന്പ് അഗ്നിപർവതം പൊട്ടിത്തെറിച്ചത്. എന്നാൽ ഡിസംബർ മുതൽ ചെറിയ തോതിൽ പുകയും ലാവയും വമിച്ചിരുന്നു.
1902 ല്‍ ലാ സോഫിറിര്‍ എന്ന് അറിയപ്പെടുന്ന ഈ അഗ്നി പര്‍വ്വതത്തിലുണ്ടായ സ്ഫോടനത്തില്‍ 1600 പേര്‍ കൊല്ലപ്പെട്ടിരുന്നു.

സ്ഫോടനത്തിന്‍റെ പ്രകമ്പനവും, ലാവ ഒഴുക്കും ഒന്നോ രണ്ടോ ആഴ്ച തുടര്‍ന്നേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അഗ്നി പര്‍വ്വതത്തിന് അടുത്തുള്ള ആള്‍താമസമുള്ള പ്രദേശങ്ങളിലെ കെട്ടിടങ്ങളും വീടുകളും ഇതിനകം ചാരം മൂടികഴിഞ്ഞു. ജനങ്ങള്‍ക്ക് പരാമാവധി സഹായവും, ചാരം മാറ്റാനുള്ള പദ്ധതികളും ആലോചിക്കുന്നുവെന്നാണ് പ്രധാനമന്ത്രി റാഫ ഗോണ്‍സാലവേസ് റേഡിയോ സന്ദേശത്തില്‍ അറിയിച്ചത്. പലര്‍ക്കും ശ്വസതടസ്സം നേരിടുന്നതായി റിപ്പോര്‍ട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഇതുവരെ മരണങ്ങളോ, പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു.

Top