സി-സെഗ്മെന്റ് പ്രീമിയം സെഡാൻ ശ്രേണിയിലെ ഇരട്ടകളായ റാപ്പിഡ്, വെന്റോ മോഡലുകളുടെ പിൻഗാമികളെ ഈ വർഷാവസാനത്തോടെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ്.സ്കോഡ റാപ്പിഡിന്റെ പിൻഗാമി ഈ വർഷം അവസാനവും ഫോക്‌സ്‌വാഗണ്‍ വെന്റോയുടെ പകരക്കാരൻ അടുത്ത വർഷം ആദ്യത്തോടെയും വിപണിയിൽ ഇടംപിടിക്കുമെന്നാണ് കമ്പനിയുടെ വിശദീകരണം.
വലിപ്പത്തിലും സവിശേഷതകളിലും ഒരു പടി മുകളിലാണെന്ന് പറയപ്പെടുന്ന രണ്ട് സെഡാനുകളും നിലവിലെ പേരും മുന്നോട്ട് കൊണ്ടുപോകില്ല എന്നതാണ് ശ്രദ്ധേയം.ഫോക്‌സ്‌വാഗണ്‍ മോഡലിനെ ‘വിർചസ്’ എന്നും സ്കോഡ റാപ്പിഡിന്റെ പിൻഗാമിയ്ക്ക് ‘സ്ലാവിയ’ എന്ന പേരുമായിരിക്കും ഇരു ബ്രാൻഡുകളും സമ്മാനിക്കുക. ഈ സെഡാനുകളുടെ പ്രത്യേകത 150 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിന്റെ സാന്നിധ്യമായിരിക്കും.
അതേസമയം റാപ്പിഡ്, വെന്റോ മോഡലുകളുടെ പകരക്കാരന്റെ എൻട്രി ലെവൽ പതിപ്പുകളിൽ 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ലഭിക്കും.