കമ്പനി ചരിത്രത്തിലെ റെക്കോഡ് വില്‍പ്പനയുമായി കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനം ലാഭത്തിലെത്തിയതായി ജര്‍മന്‍ വാഹന നിര്‍മാണ ഗ്രൂപ്പായ ഫോക്‌സ്‌വാഗന്‍.
കഴിഞ്ഞ വര്‍ഷം 510 കോടി യൂറോ(ഏകദേശം 35,893.82 കോടി രൂപ) അറ്റാദായം നേടിയെന്നാണ് ഫോക്‌സ്‌വാഗന്റെ പ്രഖ്യാപനം. ‘ഡീസല്‍ഗേറ്റ്’ കത്തിക്കയറിയ 2015ല്‍ കമ്പനിയുടെ പ്രവര്‍ത്തനം 160 കോടി യൂറോ(11,260.81 കോടിയോളം രൂപ) നഷ്ടത്തില്‍ കലാശിച്ച സ്ഥാനത്താണ് 2016ലെ ഈ ഉയര്‍ച്ച.2015ല്‍ 406 കോടി യൂറോ(28,574.30 കോടിയോളം രൂപ)യുടെ പ്രവര്‍ത്തന നഷ്ടം നേരിട്ടത് കഴിഞ്ഞ വര്‍ഷം 710 കോടി യൂറോ(ഏകദേശം 49,969.83 കോടി രൂപ)യുടെ പ്രവര്‍ത്തന ലാഭമായി മാറി.
യു എസിലെ കര്‍ശന മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാന്‍ കൃത്രിമം കാട്ടിയെന്നു 2015 സെപ്റ്റംബറില്‍ കുറ്റസമ്മതം നടത്തി ‘ഡീസല്‍ഗേറ്റി’ല്‍ കുടുങ്ങിയതു ചരിത്രമാവുന്നതിന്റെ വ്യക്തമായ സൂചനയാണു കമ്പനി 2016ല്‍ കൈവരിച്ച ഉയര്‍ന്ന വില്‍പ്പന.
ആഗോളതലത്തില്‍ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച 1.10 കോടിയോളം വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാന്‍ കമ്പനി ‘പുകമറ’ സോഫ്റ്റ്‌വെയറിന്റെ സഹായം തേടിയെന്നായിരുന്നു ആരോപണം. എന്നാല്‍ ‘ഡീസല്‍ഗേറ്റ്’ മൂലമുള്ള സാമ്പത്തിക പ്രതിസന്ധി ഫോക്‌സ്‌വാഗന്‍ ഉന്നതരുടെ പ്രതിഫലങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്.
ഫോക്‌സ്‌വാഗന്‍ കമ്പനി എക്‌സിക്യൂട്ടീവുകളുടെ വരുമാനത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രൂപ്പിന്റെ സാമ്പത്തിക രംഗത്തെ പ്രകടനത്തിന്റെ കൂടി അടിസ്ഥാനത്തിലാവും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അടക്കമുള്ളവരുടെ പ്രതിഫലം നിശ്ചയിക്കുകയെന്നതാണു ഫോക്‌സ്വാഗനിലെ പുതിയ നിയമം.
‘ഡീസല്‍ഗേറ്റ്’ വിവാദത്തില്‍ നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കുകയെന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയാണ് ഫോക്‌സ്‌വാഗന്‍ ഇത്തരം കര്‍ശന നടപടികള്‍ സ്വീകരിച്ചതെന്നാണു സൂചന.
‘ഡീസല്‍ഗേറ്റ്’ സൃഷ്ടിച്ച പ്രതിസന്ധിയെ അതിജീവിച്ച് കഴിഞ്ഞ വര്‍ഷം 1.03 കോടി വാഹനങ്ങള്‍ വിറ്റ് ലോകത്തിലെ തന്നെ ഏറ്റവും വലിയ നിര്‍മാതാക്കളായി മാറാനും ഫോക്‌സ്‌വാഗനു കഴിഞ്ഞു. യൂറോപ്പിലും ഏഷ്യ പസഫിക് മേഖലയിലും വില്‍പ്പന വര്‍ധിച്ചതാണു ടൊയോട്ട മോട്ടോര്‍ കോര്‍പറേഷനെ പിന്തള്ളി ആദ്യ സ്ഥാനത്തെത്താന്‍ ഫോക്‌സ്വാഗനെ സഹായിച്ചത്.
പോര്‍ഷെ, ഔഡി, സ്‌കോഡ എന്നീ ബ്രാന്‍ഡുകള്‍ കൂടി ഉള്‍പ്പെട്ട ഫോക്‌സ്‌വാഗന്‍ ഗ്രൂപ്പിന്റെ മൊത്ത വരുമാനം 21,730 കോടി യൂറോ(15.29 ലക്ഷം കോടി രൂപ) എന്ന റെക്കോഡ് തലത്തിലെത്തി.
ഇക്കൊല്ലവും മികച്ച പ്രകടനം തുടരനാവുമെന്ന പ്രതീക്ഷയിലാണു ഫോക്‌സ്‌വാഗന്‍; 2017ലെ വരുമാനത്തില്‍ നാലു ശതമാനത്തോളം വളര്‍ച്ച കമ്പനി ലക്ഷ്യമിടുന്നുണ്ട്.