Volkswagen launches Ameo

നാലു മീറ്ററില്‍ താഴെ നീളമുള്ള സബ് കോംപാക്ട് സെഡാന്‍ വിഭാഗത്തില്‍ ഫോക്‌സ്‌വാഗന്‍ ഇന്ത്യയ്ക്കായി പട നയിക്കേണ്ട ‘അമിയൊ’യുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം പുണെയ്ക്കടുത്ത് ചക്കനിലുള്ള ശാലയില്‍ ആരംഭിച്ചു.

അസംബ്ലി ലൈനില്‍ നിന്ന് ആദ്യ ‘അമിയൊ’ പുറത്തെത്തിയതോടെ കാറിന്റെ ഔപചാരിക അരങ്ങേറ്റവും വൈകില്ലെന്നാണു സൂചന.

കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണു ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗന്‍, അമിയൊ’യെ ആഗോളതലത്തില്‍ തന്നെ ആദ്യമായി പ്രദര്‍ശിപ്പിച്ചത്.

ഹാച്ച്ബാക്കായ ‘പോളോ’യ്ക്കും ഇടത്തരം സെഡാനായ ‘വെന്റോ’യ്ക്കുമിടയില്‍ ഇടം പിടിക്കുന്ന ‘അമിയൊ’ ഇന്ത്യയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ്.

‘വെന്റോ’യ്ക്കും ‘പോളോ’യ്ക്കും സ്‌കോഡ ‘റാപിഡി’നുമൊക്കെ അടിത്തറയാവുന്ന അതേ പ്ലാറ്റ്‌ഫോമിലാണു ഫോക്‌സ്‌വാഗന്‍ ‘അമിയൊ’യും സാക്ഷാത്കരിച്ചിരിക്കുന്നത്.

പ്രതിദിനം അഞ്ഞൂറോളം കാറുകള്‍ നിര്‍മിക്കാനുള്ള ശേഷിയാണു ചക്കന്‍ ശാലയ്ക്കുള്ളത്; ഇതില്‍ 150 എണ്ണം ‘അമിയൊ’ ആവുമെന്നാണു കണക്ക്.

മൊത്തം ഉല്‍പ്പാദനശേഷിയുടെ മൂന്നിലൊന്നും ‘അമിയൊ’യ്ക്കായി നീക്കിവച്ചത് ഫോക്‌സ്‌വാഗനു പുതിയ മോഡലിലുള്ള പ്രതീക്ഷയ്ക്കു തെളിവാകുന്നു. എതിരാളികളെ അപേക്ഷിച്ചു തികച്ചും മത്സരക്ഷമമായ വിലയ്ക്കാവും ‘അമിയൊ’ വില്‍പ്പനയ്‌ക്കെത്തിക്കുകയെന്നാണു ഫോക്‌സ്‌വാഗന്റെ വാഗ്ദാനം.

കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് 720 കോടിയോളം രൂപ ചെലവിട്ടാണു ഫോക്‌സ്‌വാഗന്‍ പുതിയ കാര്‍ വികസിപ്പിച്ചെടുത്തത്. പ്രാദേശികമായി നിര്‍മിച്ച 1.5 ലീറ്റര്‍ ഡീസല്‍എന്‍ജിന്‍ കരുത്തേകുന്ന കാറില്‍ ഉപയോഗിച്ചിരിക്കുന്ന യന്ത്രഘടകങ്ങളില്‍ 82 ശതമാനത്തോളം ഇന്ത്യയില്‍ നിന്നു സമാഹരിച്ചവയാണ്. അതേസമയം ‘അമിയൊ’യുടെ ഗീയര്‍ബോക്‌സും പെട്രോള്‍ എന്‍ജിനും ഇറക്കുമതി ചെയ്യുന്നതു തുടരും.

ഈ വിഭാഗത്തില്‍ ഇടംപിടിക്കേണ്ടത് ഫോക്‌സ്‌വാഗനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണെന്ന് ഫോക്‌സ്‌വാഗന്‍ ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ ഡോ ആന്‍ഡ്രിയാസ് ലോവര്‍മാന്‍ വ്യക്തമാക്കി. തുടക്കത്തില്‍ ഇന്ത്യന്‍ വിപണിയെ പൂര്‍ണമായി മനസ്സിലാക്കാന്‍ കമ്പനിക്കു കഴിഞ്ഞിരുന്നില്ല.

എന്നാല്‍ ‘അമിയ’യിലൂടെ വേറിട്ട നിലപാട് സ്വീകരിച്ച ഫോക്‌സ്‌വാഗന്‍ ഈ പിഴവ് തിരുത്തുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.

മിറര്‍ലിങ്ക് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂസ് കണ്‍ട്രോള്‍, മഴ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന വൈപ്പര്‍, സ്റ്റാറ്റിക് കോണറിങ് ലൈറ്റ് തുടങ്ങിയവ സഹിതമാണ് ‘അമിയൊ’യുടെ വരവ്.

സുരക്ഷയ്ക്കായി കാറിന്റെ എല്ലാ വകഭേദത്തിലും മുന്നില്‍ ഇരട്ട എയര്‍ ബാഗും ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും ലഭ്യമാക്കും. മിക്കവാറും ജൂലൈയോടെ ‘അമിയൊ’ വില്‍പ്പനയ്‌ക്കെത്തുമെന്നാണു പ്രതീക്ഷ.

×

Top