സ്റ്റൈലിലും കരുത്തിലും മാറ്റം; ഫോക്‌സ് വാഗന്റെ പോളോയും വെന്റോയും സെപ്റ്റംബര്‍ നാലിന് എത്തും

ഫോക്‌സ് വാഗണ്‍ കാറുകള്‍ക്ക് കാര്‍ വിപണിയില്‍ മേല്‍കൈ നേടിക്കൊടുത്ത മോഡലുകളാണ് പോളോ എന്ന ഹാച്ച്ബാക്കും വെന്റോ എന്ന സെഡാനും. സ്റ്റൈലിലും കരുത്തിലും ആളുകളെ ഞെട്ടിച്ച ഈ വാഹനം അല്‍പ്പം മാറ്റങ്ങളുമായി സെപ്റ്റംബര്‍ നാലിന് വീണ്ടുമെത്തുകയാണ്.

വാഹനത്തിന്റെ മോടികൂട്ടുന്നതിനായുള്ള മാറ്റങ്ങളാണ് എക്സ്റ്റീരിയറില്‍ നല്‍കിയിട്ടുള്ളതെങ്കില്‍ നിലവിലുള്ള സൗകര്യങ്ങള്‍ അല്‍പ്പം കൂടി ഉയര്‍ത്തുന്നതിനുള്ള ശ്രമമാണ് ഇന്റീരിയറില്‍ വരുത്തിയിട്ടുള്ളത്. മെക്കാനിക്കലായുള്ള മാറ്റങ്ങള്‍ക്ക് ഇരു മോഡലുകളും വിധേയരായിട്ടില്ല.

ഹാച്ച്ബാക്ക് മോഡലായ പൊളോ ജിടിയില്‍ കൂടുതല്‍ സ്പോര്‍ട്ടി ഭാവം നല്‍കിയിട്ടുണ്ട്. പുതിയ ഹണികോംമ്പ് ഗ്രില്ലും മസ്‌കുലര്‍ ബമ്പറുമാണ് ആദ്യ കാഴ്ചയിലെ മാറ്റം. ഇതിനൊപ്പം ബ്ലാക്ക് നിറത്തിലുള്ള റൂഫ്, ബി-പില്ലാര്‍, റിയര്‍വ്യൂ മിറര്‍, സ്പോയിലര്‍ എന്നിവയും പുതിയ മാറ്റങ്ങളാണ്. 10 സ്പോക്ക് അലോയി വീലും നല്‍കിയിട്ടുണ്ട്.പോളോയിലേതിന് സമാനമായ മാറ്റങ്ങളാണ് വെന്റോയിലും നല്‍കിയിട്ടുള്ളത്. എന്നാല്‍, ഡോറിലും ബൂട്ട് ലിഡിലും നല്‍കിയിട്ടുള്ള ക്രോമിയം സ്ട്രിപ്പും ഡോറിലും ബമ്പറിലും നല്‍കിയിട്ടുള്ള ബ്ലാക്ക് സ്‌കേര്‍ട്ടും വെന്റോയില്‍ അധികമായി നല്‍കിയിട്ടുള്ളവയാണ്.

1.0 ലിറ്റര്‍, 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ഇത്തവണയും പോളോ എത്തുന്നത്. 1.6 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിനുകള്‍ വെന്റോയിലും തുടരുമെന്നാണ് സൂചന.

Top