ഫോക്‌സ്‌വാഗണിന്റെ എസ്യുവി മോഡലായ ടി-റോക്കിന് ഗംഭീര വരവേല്‍പ്പ്. വിദേശത്തുനിന്ന് ഇന്ത്യയില്‍ ഇറക്കുമതി ചെയ്ത 2500 വാഹനങ്ങളും വിറ്റുതീര്‍ന്നിരിക്കുകയാണ്. ഈ വരവേല്‍പ്പിന്റെ പശ്ചാത്തലത്തില്‍ ടി-റോക്ക് ഇന്ത്യയില്‍ അസംബിള്‍ ചെയ്യാന്‍ ആലോചിക്കുകയാണ് ഫോക്‌സ് വാഗണ്‍.
2020-ല്‍ ഫോക്‌സ് വാഗണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ച രണ്ടാമത്തെ എസ്യുവിയാണ് ടി-റോക്ക്. 19.99 ലക്ഷം രൂപയായിരുന്നു ഈ എസ്യുവിയുടെ ഇന്ത്യയിലെ എക്‌സ്‌ഷോറും വില. ഫോക്‌സ് വാഗണ്‍ നിരയിലെ ചെറിയ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി മോഡലാണെങ്കിലും രൂപത്തില്‍ പ്രീമിയം സ്‌പോര്‍ട്ടി എസ്.യു.വി ഭാവം ടിറോക്കിനുണ്ട്.
ക്രോം ലൈനുകള്‍ നല്‍കിയുള്ള ഗ്രില്ലും, ഡിആര്‍എല്‍ നല്‍കിയിട്ടുള്ള ഡ്യുവല്‍ ബീം പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പും വലിയ എയര്‍ ഡാമും, വലിയ ബമ്പറും, ബമ്പറിന്റെ ഏറ്റവും താഴെയായി നല്‍കിയിട്ടുള്ള ഫോഗ് ലാമ്പും കൂടിയതാണ് ടിറോക്കിന്റെ മുന്‍വശം.
445 ലിറ്റര്‍ ബൂട്ട് സ്‌പേസ് കപ്പാസിറ്റി പിന്‍സീറ്റ് മടക്കിയാല്‍ 1290 ലിറ്റര്‍ വരെ വര്‍ധിപ്പിക്കാം. ഫ്‌ളോട്ടിങ് ഡാഷ്‌ബോര്‍ഡ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 8.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്‌ന്മെന്റ് സിസ്റ്റം എന്നിവയാണ് ഇന്റീരിയറിലെ മുഖ്യ സവിശേഷതകള്‍.
ടിറോക്ക് ഇന്ത്യയിലെത്തുന്നത് പെട്രോള്‍ എന്‍ജിനില്‍ മാത്രമായിരിക്കും. ഈ വാഹനം 147 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സെവന്‍ സ്പീഡ് ഡ്യുവല്‍ ഷിഫ്റ്റ് ഓട്ടോമാറ്റിക്കുമാണ് ട്രാന്‍സ്മിഷന്‍ ചുമതല നിര്‍വ്വഹിക്കുക.
മോഡുലര്‍ ട്രാന്‍സ്വേര്‍സ് മെട്രിക് പ്ലാറ്റ്‌ഫോമിലുള്ള നിര്‍മാണം വാഹനത്തിന്റെ ഭാരം 1420 കിലോഗ്രാമാക്കി.