ഫോക്‌സ്‌വാഗണ്‍ ഇന്ത്യയിലെത്തിക്കുന്ന എസ്യുവി മോഡലായ ടിഗ്വാന്‍ ഓള്‍-സ്‌പേസ് ഡീലര്‍ഷിപ്പുകള്‍ക്ക് കൈമാറി. പൂര്‍ണമായി വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലെത്തിക്കുന്ന ഈ വാഹനത്തിന് 33.12 ലക്ഷം രൂപയാണ് ഇന്ത്യയിലെ വില. ടിഗ്വാന്റെ ഏഴ് സീറ്റര്‍ പതിപ്പായി ഇന്ത്യയിലെത്തുന്ന ഓള്‍ സ്‌പേസ് മാര്‍ച്ചിലാണ് അവതരിപ്പിച്ചത്.
പ്രീമിയം എസ് യു വി ശ്രേണിയിലെത്തുന്ന ടിഗ്വാന്‍ ഓള്‍-സ്‌പേസ്, മഹീന്ദ്ര അള്‍ട്ടുറാസ്, ഹോണ്ട സിആര്‍വി, ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡേവര്‍ എന്നീ വാഹനങ്ങളുമായായിരിക്കും മത്സരിക്കുക. 2017-ലാണ് ടിഗ്വാന്റെ അഞ്ച് സീറ്റര്‍ പതിപ്പ് ഇന്ത്യയിലെത്തുന്നത്. ഈ വാഹനം വിജയമായതോടെയാണ് ഏഴ് സീറ്റര്‍ വേരിയന്റും ഇന്ത്യയിലെത്തിക്കുന്നത്.
കാഴ്ചയില്‍ ടിഗ്വാന്റെ അഞ്ച് സീറ്റര്‍ പതിപ്പിന് സമാനമാണ് ഓള്‍-സ്‌പേസും. എല്‍ഇഡി ഹെഡ്‌ലാമ്പും സ്‌പോര്‍ട്ടി ബമ്പറും മുന്‍വശത്ത് മാറ്റമൊരുക്കുമ്പോള്‍ പിന്‍ഭാഗം പൊളിച്ച് പണിതിട്ടുണ്ട്. ബ്ലാക്ക് ഫിനീഷിങ്ങിലുള്ള വലിയ റിയര്‍ സ്‌പോയിലര്‍, പുതിയ ബമ്പര്‍, അണ്ടര്‍ ബോഡി ക്ലാഡിങ്ങ്, ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ് പൈപ്പ് എന്നിവയാണ് പിന്നിലെ മാറ്റം.
ഇന്റീരിയറിന് പ്രീമിയം ഭാവമാണ്. വിയേന ലെതര്‍ സീറ്റുകള്‍, മുന്നിലും പിന്‍ നിരയിലേക്കുമായി ത്രീ സോണ്‍ ക്ലൈമറ്റട്രോണിക് എയര്‍ കണ്ടീഷന്‍, കീ ലെസ് എന്‍ട്രി, ഇന്നോവേറ്റീവ് ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ, ഇന്‍ഫോടെയ്‌ന്മെന്റ് സിസ്റ്റം, പനോരമിക് സണ്‍ റൂഫ് എന്നിവയാണ് ഇന്റീരിയറിന് ആഡംബര ഭാവം നല്‍കുന്നത്.
സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ ഏഴ് എയര്‍ബാഗ്, സിറ്റി എമര്‍ജന്‍സി ബ്രേക്കിങ്, പെഡസ്ട്രിയല്‍ മോണിറ്ററിങ്, ഓട്ടോമാറ്റിക് പോസ്റ്റ്-കൊളിഷന്‍ ബ്രേക്കിങ് സിസ്റ്റം, ലൈന്‍ അസിസ്റ്റ് സിസ്റ്റം, പ്രീ-ക്രാഷ് പ്രോആക്ടീവ് പ്രൊട്ടക്ഷന്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ ടിഗ്വാന്‍ ഓള്‍-സ്‌പേസില്‍ നല്‍കിയിട്ടുണ്ട്.
പെട്രോള്‍ എന്‍ജിനാണ് ഇന്ത്യയിലെത്തിയ ടിഗ്വാന്‍ ഓള്‍-സ്‌പേസിന്റെ ഹൃദയം. 187 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഇതിലുള്ളത്. ഏഴ് സ്പീഡ് ഡിഎസ്ജി ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 1.4 ലിറ്റര്‍, 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകളിലാണ് വിദേശ നിരത്തില്‍ ഏഴ് സീറ്റര്‍ ടിഗ്വാന്‍ എത്തുന്നത്.