ഇന്ത്യന്‍ വാഹന വിപണിയില്‍ മികച്ച നേട്ടവുമായി വോള്‍വോ കാര്‍ ഇന്ത്യ

ന്ത്യന്‍ വാഹന വിപണിയില്‍ മികച്ച നേട്ടവുമായി സ്വീഡിഷ് ആഡംബര കാര്‍ നിര്‍മാതാക്കളായ വോള്‍വോ കാര്‍ ഇന്ത്യ. ഈ വര്‍ഷം ആദ്യ ആറു മാസത്തില്‍ 52 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് കമ്പനി സ്വന്തമാക്കിയതെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

713 യൂണിറ്റ് കാറുകളാണ് 2021 ജനുവരി-ജൂണ്‍ കാലയളവില്‍ വോള്‍വോ കാര്‍ ഇന്ത്യ വിറ്റത് . കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 469 കാറുകളായിരുന്നു വിറ്റത്. വോള്‍വോയുടെ മിഡ് സൈസ് ആഡംബര എസ്‌യുവി മോഡലായ എക്‌സ്‌സി 60 ആണ് ഏറ്റവും അധികം വിറ്റുപോയ മോഡല്‍.

ഈ കാലയളവില്‍ വോള്‍വോ കാര്‍ ഇന്ത്യ എക്സ്സി 40 എസ്യുവി, എക്സ്സി 90 എസ്യുവി, എസ് 60 സെഡാന്‍, എസ് 90 സെഡാന്‍ തുടങ്ങിയ മോഡലുകളും വിറ്റു. 2021 ജനുവരിയില്‍ ആണ് പുതിയ വോള്‍വോ എസ് 60 രാജ്യത്ത് അവതരിപ്പിക്കുന്നത്.

2021 ന്റെ രണ്ടാം പകുതിയില്‍ വോള്‍വോ കാര്‍ ഇന്ത്യ വോള്‍വോ എക്സ്സി 40 റീചാര്‍ജ് ഇലക്ട്രിക് എസ്യുവിയും വോള്‍വോ എക്സ്സി 60, വോള്‍വോ എസ് 90 എന്നിവയുടെ പെട്രോള്‍ വേരിയന്റുകളും പുറത്തിറക്കും.

കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും കമ്പനിയുടെ ഈ നേട്ടം ഇന്ത്യന്‍ ഉപഭോക്താവിന് വോള്‍വോ ബ്രാന്‍ഡിലുള്ള ആത്മവിശ്വാസം കാണിക്കുന്നതായി വോള്‍വോ കാര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ജ്യോതി മല്‍ഹോത്ര പറഞ്ഞു.

രാജ്യത്ത് തങ്ങളുടെ ശൃംഖല വിപുലീകരിച്ചുകൊണ്ട് വോള്‍വോ കാര്‍ ഇന്ത്യ ഹൈദരാബാദിലും ചെന്നൈയിലും 2021 ല്‍ പുതിയ ഡീലര്‍ഷിപ്പുകള്‍ തുറന്നിരുന്നു.

 

Top