കോഴിക്കോട്: വോട്ടെണ്ണലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ റൂറല്‍ പൊലീസ് പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് വൈകീട്ട് ആറു മണി മുതല്‍ ഏഴു ദിവസത്തേക്കാണ് നിരോധനാജ്ഞ.
വോട്ടെണ്ണല്‍ ദിനത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയുന്നതിനും കോവിഡ് വ്യാപനം തടയുന്നതിനുമായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു പറഞ്ഞു. റൂറല്‍ പരിധിയില്‍ കൗണ്ടിംഗ് സെന്ററുകളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ യാതൊരുവിധ ആള്‍കൂട്ടങ്ങളോ കടകള്‍ തുറക്കാനോ പാടില്ല. ബൈക്ക് റാലി, ഡി.ജെ തുടങ്ങിയാതൊരുവിധത്തിലുള്ള ആഹ്ലാദപ്രകടനങ്ങളും നടത്താന്‍ പാടില്ല.
കണ്ടെയ്ന്‍മെന്റ്, ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലും കര്‍ശന നിയന്ത്രണമുണ്ടാകും.അഞ്ചില്‍ കൂടുതല്‍ ആളുകളുടെ യോഗമോ മറ്റു പരിപാടികളോ നടത്തുന്നതും ആയുധങ്ങള്‍ കൈവശംവെക്കുന്നതും നിരോധിച്ചിരിക്കുകയാണ്. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.